സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്കും ലൈസൻസ് നിർബന്ധം



തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണപദ്ധതി നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കുന്നു. ഭക്ഷണമുണ്ടാക്കി വിൽപ്പനയോ വിതരണമോ നടത്തുന്നവർ ലൈസൻസോ രജിസ്ട്രേഷനോ എടുക്കണമെന്നാണ് ഭക്ഷ്യസുരക്ഷാചട്ടം. ആരാധനാലയങ്ങൾക്കടക്കം ഇതു കർശനമാക്കിയ പശ്ചാത്തലത്തിലാണ് സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിലും ലൈസൻസ് നടപ്പാക്കാനുള്ള ഭക്ഷ്യസുരക്ഷാ ഡയറക്ടറേറ്റിന്റെ തീരുമാനം. പല സ്‌കൂളുകൾക്കും ഇതു സംബന്ധിച്ച് നോട്ടീസ് നൽകിക്കഴിഞ്ഞു.
സംസ്ഥാനത്തെ 12,000 സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുണ്ട്. പ്രഥമാദ്ധ്യാപകർക്കാണ് നിർവഹണച്ചുമതല. അതിനാൽ, സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള ലൈസൻസോ രജിസ്ട്രേഷനോ പ്രഥമാദ്ധ്യാപകരുടെ പേരിലാണ് എടുക്കേണ്ടത്. ഇതിനു പുറമേ, പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനയുടെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടിവരും.
സ്കൂൾ ഉച്ചഭക്ഷണപദ്ധതി ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ വരുന്നത് കുട്ടികളുടെ ആരോഗ്യപരിരക്ഷയ്ക്ക് സഹായകമാവുമെന്നാണ് വിലയിരുത്തൽ. സ്കൂളുകളിൽ പാചകംചെയ്യുന്ന ഭക്ഷണസാമ്പിൾ സർക്കാർ അംഗീകൃത ലാബുകളിൽ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്നതു മാത്രമാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിലവിലുള്ള നടപടി. ലൈസൻസോ രജിസ്ട്രേഷനോ എടുക്കുന്നതിൽ ഇളവുണ്ട്. ലൈസൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്‌ടർമാർ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെയും പ്രഥമാദ്ധ്യാപകരുടെയും യോഗങ്ങൾ വിളിച്ചിരുന്നു. ലൈസൻസ് എടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: