ഗാങ്ടോക്ക്: സിക്കിമിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. ലൊനാക് തടാകപ്രദേശത്തുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് ടീസ്റ്റ നദിയിലാണ് വെള്ളപ്പൊക്കമുണ്ടായത്. 23 സൈനികരെ കാണാതായതായാണ് റിപ്പോർട്ട്. ലാച്ചൻ താഴ്‌വര വെള്ളത്തിനടിയിലായി. താഴ്‌വരയിലെ സൈനിക ക്യാമ്പുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് സൈനികർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവർ പ്രദേശത്തു നിന്ന് മാറിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
