Headlines

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന; 368 പേര്‍ അറസ്റ്റില്‍; 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്‌സൈസിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റി’ന്റെ ഭാഗമായി ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എംബി രാജേഷ്. കേസുകളില്‍ 378 പേരെയാണ് പ്രതിചേര്‍ത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായും ഒളിവിലുള്ള 17 പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.

അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിരുന്നു. ഈ വേളയില്‍ 21,389 വാഹനങ്ങളാണ് എക്സൈസ് വകുപ്പ് പരിശോധിച്ചത്. ലഹരിമരുന്ന് കടത്തിയ 16 വാഹനങ്ങളും പിടിച്ചെടുത്തു.

602 സ്‌കൂള്‍ പരിസരങ്ങള്‍, 152 ബസ്സ്റ്റാന്‍ഡ് പരിസരം, 59 ലേബര്‍ ക്യാമ്പുകള്‍, 54 റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തിയും ലഹരിമരുന്ന് വില്‍പ്പനക്കാരെ പിടികൂടിയിട്ടുണ്ട്. മാര്‍ച്ച് 5 മുതല്‍ 12 വരെയാണ് നിലവില്‍ ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ക്യാമ്പയിന്‍ നിശ്ചയിച്ചിരിക്കുന്നത്. ലഹരിമരുന്നിനെതിരെ കൂടുതല്‍ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. സ്‌കൂളുകളും കോളജുകളും ബസ്സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചുള്ള വ്യാപകപരിശോധന തുടരും. അതിര്‍ത്തിയിലും ജാഗ്രത തുടരും. ലഹരിമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിച്ച എക്സൈസ് സേനയെ മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



പ്രതികളില്‍നിന്ന് 56.09 ഗ്രാം എംഡിഎംഎ, 23.11 ഗ്രാം മെത്താഫിറ്റാമിന്‍, എല്‍.എസ്.ഡി., നൈട്രോസെഫാം ടാബ്ലറ്റ്, 10.2 ഗ്രാം ഹെറോയിന്‍, 4 ഗ്രാം ചരസ്, 2.05 ഗ്രാം ഹാഷിഷ്, 23.7 ഗ്രാം ഹാഷിഷ് ഓയില്‍, 77.8 കിലോ കഞ്ചാവ്, 43 കഞ്ചാവ് ചെടികള്‍, 96 ഗ്രാം കഞ്ചാവ് ഭാംഗ്, കഞ്ചാവ് ബീഡികള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയുടെ ഭാഗമായി 304 അബ്കാരി കേസുകളും 1162 പുകയില കേസുകളും കൂടി കണ്ടെത്താനായി. ഈ കേസുകളിലായി 10,430 ലിറ്റര്‍ സ്പിരിറ്റും 101.8 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തതായി മന്ത്രി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: