Headlines

എൽജെഡി സംസ്ഥാന ഘടകം ആർജെഡിയിൽ ലയിച്ചു, എംവി ശ്രേയാംസ്കുമാർ സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: എൽ.ജെ.ഡി. ആർ.ജെ.ഡിയിൽ ലയിച്ചു .കേരള സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. ആർ.ജെ.ഡി. നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൽ നിന്നാണ് എം.വി. ശ്രേയാംസ് കുമാർ പതാക ഏറ്റുവാങ്ങിയത്.

ആർ.ജെ.ഡിയിൽ ലയിക്കാനുള്ള തീരുമാനം ഏറെ ആലോചിച്ചെടുത്തതാണെന്ന് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. സോഷ്യലിസ്റ്റുകളുടെ ഏകീകരണം എന്നത് ഓരോ പാർട്ടിക്കാരുടേയും മനസ്സിനുള്ളിലെ അടങ്ങാത്ത ആവേശവും ആഗ്രഹവുമാണ്. അതിനുള്ള കാൽവെപ്പാണ് ആർ.ജെ.ഡിയുമായുള്ള ലയനമെന്ന് ശ്രേയാംസ് കുമാർ കോഴിക്കോട് നടന്ന ലയന സമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഉണ്ടായ കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമയമെടുത്ത് ആലോചിച്ചാണ് തീരുമാനമെടുത്തത്. അങ്ങനെയാണ് വർഗീയ ശക്തികളോട് ഒരിക്കലും ഒരുരീതിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ആർ.ജെ.ഡിയുമായി ലയിക്കാൻ തീരുമാനിച്ചത്. എല്ലാ പാർട്ടി പ്രവർത്തകരും ഒരുപോലെ അനുകൂല തീരുമാനമെടുത്തുവെന്നും ഒരു അപശബ്ദം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതര സർക്കാരുകൾക്കെതിരെ ബി.ജെ.പി. ഐ.ഡി.യെ അഴിച്ചുവിടുകയാണെന്ന് ശ്രേയാംസ് കുമാർ ആരോപിച്ചു. ഐ.ഡി.യും സി.ബി.ഐയും ബി.ജെ.പി.യുടെ സഹസംഘടനയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ കാലത്തും മതേതരത്വത്തിന് വേണ്ടി നിലനിന്ന പാർട്ടിയിലാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ ജനാധിപത്യവും നീതിന്യായവ്യവസ്ഥയുമെല്ലാം ഭീഷണി നേരിടുന്ന കാലമാണ്. ഏത് വെല്ലുവിളിയിലും മതേതരത്വത്തിൽ ഉറച്ചുനിന്നാണ് പ്രവർത്തിക്കുന്നത്. പാർട്ടിയിലും ആ യോജിപ്പ് വേണം. ഇന്ന് പാർട്ടിക്ക് ഒരു ലക്ഷ്യമുണ്ട്. എല്ലാ കാലത്തും സോഷ്യലിസ്റ്റായി തുടരും’, ശ്രേയാംസ് കുമാർ പറഞ്ഞു.

രണ്ട് സോഷ്യലിസ്റ്റ് പാർട്ടികൾ തമ്മിൽ ഒത്തുചേരുന്ന പരിപാടിയിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് തേജസ്വി യാദവ് പറഞ്ഞു. ലയനം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒത്തുചേരലിന് കാരണമാകും. ഇന്ത്യയിൽ ഉടനീളം ബിജെപി പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുമ്പോൾ ഞങ്ങൾ അവസരത്തിനൊത്തുയർന്നു. അങ്ങനെ ജെഡിയുവുമായി ചേർന്ന് ഭരിക്കാൻ തീരുമാനിച്ചു, തേജസ്വി യാദവ് പറഞ്ഞു.

ബിഹാറിൽ ബിജെപി സർക്കാരിനെ പുറത്താക്കി ഭരണംനേടിയത് ജനാധിപത്യ ശക്തികൾക്ക് കരുത്തും പ്രതീക്ഷയുമായി. ജാതി സെൻസസ് ദേശീയ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്ന് പറഞ്ഞ തേജസ്വി, രാഷ്ട്രീയമായും സാമൂഹികമായും മാറ്റങ്ങൾ ഉണ്ടാകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: