തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കർശന മാർഗ്ഗനിർദ്ദേശങ്ങൾ ശുചിത്വമിഷൻ പുറത്തിറക്കി. പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ പ്രചാരണ വസ്തുക്കൾ ഉപയോഗിക്കുവാൻ പാടില്ലെന്നതാണ് പ്രധാന നിർദ്ദേശം. തെരെഞ്ഞെടുപ്പിന് ആവശ്യമായ പരസ്യ പ്രചാരണ ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണം സാധ്യമല്ലാത്ത പിവിസി ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കാൻ പാടില്ല. ലോകസഭാ തെരെഞ്ഞെടുപ്പ് പൂർണ്ണമായും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
നൂറ് ശതമാനം കോട്ടൺ, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പൊളി എത്തിലിൻ എന്നിവയിൽ പിവിസി -ഫ്രീ – റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂആർ കോഡ് എന്നിവ പതിച്ചു കൊണ്ട് മാത്രം ഉപയോഗിക്കുക. കോട്ടൺ, പൊളി എത്തിലീൻ എന്നിവ നിർമ്മിച്ച് വിതരണം ചെയുന്ന സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണബോർഡ് മുഖാന്തരം സാമ്പിളുകൾ സമർപ്പിക്കേണ്ടതും കോട്ടൺ വസ്തുക്കൾ ടെസ്റ്റ് ചെയ‌് 100 ശതമാനം കോട്ടൺ എന്ന് സാക്ഷ്യപെടുത്തേണ്ടതും പോളി എത്തിലീൻ വസ്‌തുക്കൾ പിവിസി- ഫ്രീ റീസൈക്ലബിൾ പൊളി എത്തിലീൻ എന്ന് സാക്ഷ്യപെടുത്തിയും മാത്രമേ വില്പന നടത്താൻ പാടുള്ളൂ. എന്നിവയാണ് പ്രചാരണത്തിൽ ശ്രദ്ധിക്കേണ്ടവ.
പ്രചാരണ ഉപയോഗത്തിന് ശേഷമുള്ള പൊളി എത്തിലീൻ ഷീറ്റ്, പ്രിന്റിംഗ് യൂണിറ്റിലേക്ക് തന്നെയോ അംഗീകൃത റീസൈക്ലിങ് യൂണിറ്റിലേക്കോ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഹരിതകർമ്മസേന, ക്ലീൻ കേരള കമ്പനി എന്നിവർക്ക് യൂസർ ഫീ നൽകിയോ റീസൈക്ലിങ് ഉറപ്പാക്കണം.

