കൽപ്പറ്റ : വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട ബസ്സാണ് ഇന്ന് രാവിലെ 6.45 ഓടെ അപകടത്തില്‍പ്പെട്ടത്.
ലോറി ഡ്രൈവറായ കര്‍ണാടക സ്വദേശി ചന്ദ്രന് കാലിന് ഗുരുതര പരിക്കേറ്റു. ക്യാബിനിൽ കുടുങ്ങിപ്പോയ ഇദ്ദേഹത്തെ ഫയര്‍ ഫോഴ്‌സെത്തിയാണ് രക്ഷിച്ചത്. ബസ് യാത്രക്കാരായ ഷഹാന, ഫ്രാന്‍സിസ്, നീനു, ഉഷാ ഭായ്, നസീമ മില്ലുമുക്ക്, മണികണ്ഠന്‍ കമ്പളക്കാട്, ആയിഷ, ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി ബാവന്‍, കണ്ടക്ടര്‍ അരുണ്‍, വിനീത പുല്‍പ്പള്ളി എന്നിവര്‍ പരിക്കുകളോടെ കല്‍പ്പറ്റ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് പേര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് അധികൃതർ അറിയിച്ചത്.
