ഹൈദരാബാദ്: എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് താമസിക്കുന്ന അനുഷ(27)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ പ്രതിയായ ഭർത്താവ് ഗ്യാനേശ്വർ പിന്നീട് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ദമ്പതിമാർ തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭർത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
നഗരത്തില്‍ ഫാസ്റ്റ്ഫുഡ് ഭക്ഷണശാല നടത്തുന്നയാളാണ് ഗ്വാനേശ്വർ. പ്രണയത്തിലായിരുന്ന ഇരുവരും മൂന്നുവർഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍, ദമ്പതിമാർ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
