ന്യൂഡൽഹി : പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പുതിയ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നടനും സംവിധായകനുമായ ആർ.മാധവനെ നിയമിച്ച് കേന്ദ്രസർക്കാർ. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിനു പകരമാണ് അദ്ദേഹം എത്തുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ (ട്വിറ്റർ) നിയമനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
‘‘എഫ്ടിഐഐയുടെ പ്രസിഡന്റും ഗവേണിങ് കൗൺസിൽ ചെയർമാനായും നാമനിർദേശം ചെയ്യപ്പെട്ട മാധവൻജിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. താങ്കളുടെ വിപുലമായ അനുഭവസമ്പത്തും ശക്തമായ ധാർമികതയും ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്നും നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുമെന്നും എനിക്ക് ഉറപ്പുണ്ട്. താങ്കൾക്ക് എന്റെ ആശംസകൾ.’’– അനുരാഗ് ഠാക്കൂർ കുറിച്ചു.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ താൻ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി താരം പറഞ്ഞു. ‘‘ ഈ ആദരവിനും ആശംസകൾക്കും വളരെ നന്ദി ഠാക്കൂർജി. എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ പരമാവധി ശ്രമിക്കും.’’– മാധവൻ എഴുതി.
മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രം അടുത്തിടെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയിരുന്നു. നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
നടൻ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്
