നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമബോർഡ്

ഭോപ്പാല്‍: യുവദമ്പതിമാര്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയാൽ ഒരുലക്ഷം രൂപ പാരിതോഷികം നൽകാമെന്ന പ്രഖ്യാപനവുമായി മധ്യപ്രദേശിലെ ബ്രാഹ്‌മണരുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ ബോര്‍ഡായ പരശുറാം കല്യാണ്‍ ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റായ പണ്ഡിറ്റ് വിഷ്ണു രജോരിയയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ദോറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ നമ്മുടെ കുടുംബങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിര്‍ത്തിയതോടെ മതനിഷേധികളുടെ എണ്ണം വര്‍ധിക്കുകയാണ്. മുതിര്‍ന്നവരില്‍ നിന്ന് ഞാന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ യുവാക്കളില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ശ്രദ്ധിച്ചുകേള്‍ക്കണം. ഭാവിതലമുറയുടെ സംരക്ഷണം നിങ്ങളുടെ ഉത്തരവാദിത്തമാണ്. യുവാക്കള്‍ ഒരുകുട്ടിക്ക് മാത്രം ജന്മം നല്‍കുന്നതോടെ നിര്‍ത്തുകയാണ്. ഇത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് കുട്ടികളെങ്കിലും വേണമെന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ്.’ -വിഷ്ണു രജോരി പറഞ്ഞു.

‘നാല് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് പരശുറാം കല്യാണ്‍ ബോര്‍ഡ് ഒരുലക്ഷം രൂപ നല്‍കും. ബോര്‍ഡിന്റെ പ്രസിഡന്റ് ഞാനാണെങ്കിലും അല്ലെങ്കിലും ഈ പാരിതോഷികം നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസം ചിലവേറിയതാണെന്നാണ് യുവാക്കള്‍ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളത്. അതി നിങ്ങളെങ്ങനെയെങ്കിലും കൈകാര്യം ചെയ്യൂ. പക്ഷേ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ മടികാണിക്കരുത്. അല്ലെങ്കില്‍ ദൈവനിഷേധികള്‍ രാജ്യം പിടിച്ചെടുക്കും.’ -അദ്ദേഹം തുടര്‍ന്നു.

ഇത് സര്‍ക്കാരിന്റെ പദ്ധതിയല്ല, മറിച്ച് തന്റെ വ്യക്തിഗതമായ പദ്ധതിയാണെന്ന് പണ്ഡിറ്റ് വിഷ്ണു രജോരി പിന്നീട് എന്‍.ഡി.ടി.വിയോട് പറഞ്ഞു. സമുദായ പരിപാടിയില്‍ നടത്തിയ തന്റെ സാമൂഹികമായ പ്രസ്താവനയാണ് ഇത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഉയര്‍ന്ന സ്ഥാനങ്ങളിലെത്താനുള്ള പരിശീലനവും ഉള്‍പ്പെടെയുള്ള പ്രതിബദ്ധതകള്‍ ബ്രാഹ്‌മണ സമൂഹത്തിന് നിറവേറ്റാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷ്ണു രജോരിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പരാമര്‍ശം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മുകേഷ് നായക് പറഞ്ഞു. ‘എന്റെ സുഹൃത്തായ അദ്ദേഹം പണ്ഡിതനാണ്. ജനസംഖ്യാവര്‍ധനവ് ഇന്ന് ലോകം നേരിടുന്ന വലിയ പ്രശ്‌നമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ എണ്ണം കുറവാണെങ്കില്‍ അവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ എളുപ്പമാകും. മുസ്‌ലിങ്ങള്‍ ഹിന്ദുക്കളേക്കാള്‍ എണ്ണത്തില്‍ കൂടുമെന്നും അവര്‍ ഹിന്ദുക്കളെ വിഴുങ്ങുമെന്നുമുള്ള വിഭ്രാന്തി സൃഷ്ടിക്കുകയാണ്. ഇതെല്ലാം സാങ്കല്‍പ്പികമാണ്. ഒന്നിച്ചുനിന്നാലേ നമ്മുടെ രാജ്യം ശക്തമാകൂ.’ -അദ്ദേഹം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: