ഭോപ്പാൽ: വിവാഹ ശേഷം ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഇത് വിവാഹ നിയമപ്രകാരം വിവാഹമോചനത്തിന് കാരണമാകുമെന്നും മധ്യപ്രദേശ് ഹൈക്കോടതി വ്യാഴാഴ്ച പറഞ്ഞു. പന്ത്രണ്ടാം ക്ലാസിനുശേഷം പഠിക്കുന്നതിൽ നിന്ന് ഭർത്താവും ഭർതൃവീട്ടുകാരും തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇൻഡോർ ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് വിവേക് റുസിയയും ജസ്റ്റിസ് ഗജേന്ദ്ര സിങ്ങും അടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.
പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതും പഠനം തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നതും ഭാര്യയുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസമില്ലാത്ത, സ്വയം മെച്ചപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്യാത്ത ഒരാളോടൊപ്പം ജീവിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുതെന്നും ഇത് മാനസിക പീഡനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1955 ലെ ഹിന്ദു വിവാഹ നിയമം പ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നല്‍കാനുള്ള കാരണമാണെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ‘ജീവിക്കാനുള്ള അവകാശ’ത്തിന്റെ അവിഭാജ്യ ഘടകമായി വിദ്യാഭ്യാസത്തിനുള്ള അവകാശം കണക്കാക്കപ്പെടുന്നുവെന്നും ഹൈക്കോടതി പരാമർശിച്ചു. 2015ലായിരുന്നു ഹര്‍ജിക്കാരിയുടെ വിവാഹം. 12ാം ക്ലാസ് വരെ യുവതി പഠിച്ചിരുന്നു. വിവാഹത്തിന് ശേഷം ബിഎസ്‌സി പഠിക്കാൻ യുവതി ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഇതിന് അനുവദിച്ചില്ല. ഇതോടെയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുന്നത്. എന്നാല്‍ യുവതി ഉന്നയിച്ച വിഷയം വിവാഹമോചനത്തിന് തക്കതായ കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ പ്രതികരണം. ഇതേതുടർന്ന് ഭർത്താവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ഇതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
