കോഴിക്കോട് : വീട്ടിലെത്തി എം ടി വാസുദേവൻ നായരെ അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെ കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലേക്ക് മോഹൻലാൽ എത്തി. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു.
‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായത്’. ആരോഗ്യ വിവരങ്ങൾ ആശുപത്രിയിൽ വിളിച്ചു അന്വേഷിച്ചിരുന്നുവെന്നും മോഹൻലാൽ വിശദീകരിച്ചു.
എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ ഏറെ വൈകാരികമായാണ് മമ്മൂട്ടി അനുസ്മരിക്കുന്നത്. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

