മോസ്‌കോ: റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കൾക്ക് യുദ്ധത്തിൽ പരിക്കേറ്റു. കുട്ടനല്ലൂർ സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. യുക്രൈൻ ഷെല്ലാക്രമണത്തിൽ പരിക്കേറ്റതായി ജെയിൻ വാട്ട്‌സാപ്പിലൂടെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. ഇരുവരെയും നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് പരിക്കുപറ്റിയ വിവരം ബന്ധുക്കളെ അറിയിച്ചത്.
ബിനിൽ ബാബുവും ജെയിൻ കുര്യനും റഷ്യയിൽ അകപ്പെട്ടിട്ട് നാളുകളേറെയായി. കൂലിപട്ടാളത്തോടൊപ്പം എട്ട് മാസത്തിലേറെയായി ക്യാമ്പുകളിലാണ് താമസം. എന്നാൽ യുദ്ധഭൂമിയിലേക്ക് ഏതുനിമിഷവും പോകേണ്ടി വരുമെന്നു ഇവർ വീട്ടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ യുവാക്കൾക്ക് യുദ്ധത്തിൽ പരിക്കേറ്റതായി വിവരം പുറത്തു വന്നിരിക്കുകയാണ്. റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട തൃക്കൂർ സ്വദേശി സന്ദീപിനൊപ്പം പോയവരാണ് ബിനിലും ജെയിനും. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവർ റഷ്യയിലെത്തിയത്.
ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാൽ മലയാളി ഏജൻറ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിൻറെ കൂട്ടത്തിൽപെടുകയായിരുന്നു. എപ്പോൾ വേണമെങ്കിലും ജീവൻ പോയേക്കാമെന്നും, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുവെന്നും വീട്ടുകാർക്കയച്ച സന്ദേശത്തിൽ ഇരുവരും മുൻപ് പറഞ്ഞിട്ടുണ്ട്. റഷ്യയിൽ കുടുങ്ങിയ ഉറ്റവരെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ഇവരുടെ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. ഇരുവരെയും തിരിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് പരിക്കേറ്റെന്ന വിവരം പുറത്തുവരുന്നത്.
