കോഴിക്കോട്: മാമി തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് പെരുമാറിയത് കുറ്റവാളികളോടെന്ന രീതിയിലെന്ന് മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും. ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്താലാണ് മാറിനിന്നതെന്നും ഇരുവരും പൊലീസിന് മൊഴിനൽകി. മാമിയുടെ തിരോധാനത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വിട്ടയച്ച ഇരുവരെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് നിന്നും കാണാതായ രജിത് കുമാറിനെയും ഭാര്യയേയും ഗുരുവായൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു. കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയിൽ കയറി നേരെ പോയത് റയിൽവെ സ്റ്റേഷനിലേക്കായിരുന്നു. അവിടെനിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നു.
20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരിൽ ഒരാളും രജിത്തായിരുന്നു. ലോക്കൽ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായിരുന്ന മാമിയെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മാമിയുടെ ഡ്രൈവർ രജിത്ത് കുമാറിനെയും ഭാര്യയേയും കാണാതായത്. മുഹമ്മദ് ആട്ടൂരിനെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് കാണായത്. അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും വീട്ടിലേക്കിറങ്ങിയ ഇയാളെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
മാമിയെ കാണാതായി പത്തു ദിവസത്തിനു ശേഷമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഓഗസ്റ്റ് 22 ന് ഇയാൾ തലക്കുളത്തൂരിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഒരു മാസത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനെ വഴി തിരിച്ചുവിടാൻ ചില ഭാഗത്തു നിന്നു ശ്രമം നടന്നിരുന്നു. പിന്നീട് ശാസ്ത്രീയ തെളിവുകൾ തേടിയാണ് അന്വേഷണം മുന്നോട്ട് പോയത്.
