റീ റിലീസിൽ വീണ്ടും അടിപതറി മമ്മൂട്ടി. ഐവി ശശി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ക്ലാസ്സിക് ആക്ഷൻ ചിത്രമാണ് ആവനാഴി. 38 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററിൽ ഇന്നലെ റീ റിലീസ് ചെയ്തിരുന്നു. എന്നാൽ മോശം പ്രതികരണമാണ് രണ്ടാം വരവിൽ ആവനാഴിക്ക് ലഭിക്കുന്നത്. തിയേറ്ററിൽ ചെറിയ ചലനം പോലും സൃഷ്ടിക്കാനാകാതെയാണ് ചിത്രം കടന്നുപോകുന്നത്. ഇതോടെ പാലേരിമാണിക്യത്തിനും വല്യേട്ടനും ശേഷം മമ്മൂട്ടിയുടെ മറ്റൊരു റീ റിലീസ് പരാജയമാകുകയാണ് ആവനാഴി.
ആവനാഴിയുടെ റീ റിലീസ് പലയിടത്തും മുടങ്ങിയിട്ടുണ്ട്. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാതായതോടെയാണ് പലയിടങ്ങളിലും ഷോ ക്യാൻസലായത്. റീ റിലീസുമായി ബന്ധപ്പെട്ട് ഒരു രീതിയിലുമുള്ള പ്രൊമോഷനും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വിമർശനങ്ങളുണ്ട്. സിനിമയുടെ വിഷ്വല്‍ – സൗണ്ട് ക്വാളിറ്റിയെ കുറിച്ചും വിമർശനങ്ങൾ വരുന്നുണ്ട്. 7.1 ശബ്ദ മികവോടെ ഡോൾബി അറ്റ്മോസില്‍ പ്രദർശനത്തിന് എത്തുന്നു എന്നായിരുന്നു അണിയറപ്രവർത്തകരുടെ വാദം. എന്നാൽ സിനിമയുടെ ക്വാളിറ്റി വളരെ മോശമാണെന്നാണ് പ്രേക്ഷക പ്രതികരണം
നേരത്തെ മമ്മൂട്ടി സിനിമകളായ പാലേരിമാണിക്യവും വല്യേട്ടനും റീ റിലീസ് ചെയ്തിരുന്നുവെങ്കിലും തണുപ്പൻ പ്രതികരണമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പടെ താരതമ്യേന മെച്ചപ്പെട്ട പ്രമോഷനുമായി എത്തിയ വല്യേട്ടന്‍ നേരിയ നേട്ടമുണ്ടാക്കിയിരുന്നു. എങ്കിലും ഒരു കോടിയിൽ താഴെ മാത്രമായിരുന്നു വല്യേട്ടൻ റീ റിലീസിൽ നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം പാലേരിമാണിക്യത്തിന് ബോക്സ് ഓഫീസിൽ അക്കൗണ്ട് തുറക്കാന്‍ പോലുമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എം ടി വാസുദേവൻ നായര്‍ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമായ ഒരു വടക്കൻ വീരഗാഥ ആണ് അടുത്തതായി റീ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയ്ക്ക് രണ്ടാം വരവിൽ തിയേറ്ററിൽ ചലനമുണ്ടാക്കാൻ സാധിക്കുമോ എന്നറിയനാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്നത്
