Headlines

ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ് ; കുട്ടികളുടെ ചികിത്സാ ചെലവും ഏറ്റെടുക്കും

കോഴിക്കോട്: പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ്. അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്നും മനാഫ് പറഞ്ഞു. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്നുണ്ട്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാവും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

നമ്മൾ കൂട്ടിപിടിക്കേണ്ട അത്ഭുത വ്യക്തിയാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. ‘എല്ലാവരും ചേർന്ന് മക്കളുടെ ചികിത്സ എത്രയും പെട്ടന്ന് ഏറ്റെടുത്ത് നടത്തും. മനാഫ് ചാരിറ്റബൾ എന്ന പേരിൽ പുതിയതായി ഒരു ട്രസ്റ്റ് പൂരീകരിച്ചിട്ടുണ്ട്. ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇതിലും നന്നായി കുട്ടികളെ മാറ്റിയെടുക്കാൻ സാധിക്കുമെന്നുള്ള വിശ്വാസമുണ്ട്. കേരളത്തെ മൊത്തം കൂട്ടി നല്ലൊരു വീടും കുട്ടികൾക്ക് താമസിക്കാവുന്ന തരത്തിൽ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം. മാൽപെയെ കൂടാതെ റെസ്ക്യൂ ടീമിൽ കുറച്ചുപേരുണ്ട്. അവരുടെ അവസ്ഥയും പരിതാപകരമാണ്. മനാഫ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ അവരുടെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് തീർക്കും’, മനാഫ് പറഞ്ഞു.

ഈശ്വർ മൽപെയെ മാജിക് മാൽപെയെന്നാണ് താൻ എപ്പോഴും വിളിക്കുന്നതെന്ന് മനാഫ് പറഞ്ഞു. താനിട്ട പേരാണിത്. തന്നെ സംബന്ധിച്ചിടത്തോളം എന്നും മാജിക് കാണിക്കുന്ന ആളാണ് ഈശ്വർ മാൽപെയെന്ന് മനാഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ടെടുത്ത പ്രമുഖ വ്യവസായി മുംതാസ് അലിയുടെ കിട്ടില്ലെന്ന് കരുതിയ മൃതദേഹമാണ് മാൽപെ കണ്ടെത്തിയത്. മാനസിക സംഘർഷം കൂടിയായിരുന്നു അത്. കാരണം രണ്ടു ദിവസം തിരഞ്ഞിട്ട് ലഭിച്ചില്ല, മൂന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്. ഉപ്പുവെള്ളത്തിനടിയിൽ ഇത്രയും മണിക്കൂർ നിന്ന് പ്രവർത്തിക്കുക എന്നത് ചെറിയ കാര്യമല്ല. ഉറങ്ങാൻ കഴിയില്ല, കണ്ണെല്ലാം നീറിയിട്ട് ഉറങ്ങാൻ പറ്റാത്ത സമയങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും മനാഫ് കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: