ബംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവിലെ ബത്രയില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്താന്‍ കാലതാമസം വരുത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. മംഗളൂരു റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര പി, കോണ്‍സ്റ്റബിള്‍ എല്ലലിംഗ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫാണ് കൊല്ലപ്പെട്ടത്.
ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന അഷ്‌റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. അഷറഫ് കൊല്ലപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊന്നത്. എന്നാല്‍ കൊല്ലപ്പെട്ട അഷ്‌റഫിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സഹോദരന്‍ അബ്ദുള്‍ ജബാര്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടതായി പൊലീസ് പറയുന്നു. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചതായി ആരോപിച്ചാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത് എന്നാണ് വിശദീകരണം. ആന്തരിക രക്തസ്രാവും തുടര്‍ച്ചയായ മര്‍ദനവുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ടായിരുന്നു. മംഗളുരുവില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു
