‘മഞ്ഞുമ്മൽ ബോയ്‌സ്’ റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്; മേളയിൽ എത്തുന്ന ആദ്യ മലയാള ചിത്രം

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്‌സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്. മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്.

ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്‌സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഇരുചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്. 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. ഇരുന്നൂറ് കോടിയലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. സുഷിൻ ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: