വിതുര ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സിപിഐ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറിയുമായ മണലി വാർഡ് അംഗം മഞ്ജുഷ ജി ആനന്ദ് തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി തേവിയോട് വാർഡ് അംഗം സിപിഎമ്മിലെ ബിഎസ് സന്ധ്യയും തെരഞ്ഞെടുക്കപ്പെട്ടു.
ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ ഇവർക്ക് ഒൻപത് വോട്ടുകൾവീതവും യുഡിഎഫ് സ്ഥാനാർത്ഥികളായ ജി ഗിരീഷ് കുമാറിനും ലതാകുമാരിയ്ക്കും അഞ്ച് വോട്ടുകളും ലഭിച്ചു.ആകെയുള്ള 17 അംഗങ്ങളിൽ ബിജെപിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു . സിപിഎമ്മിലെ ആർ വത്സല സുഖമില്ലാത്തതിനാൽ പങ്കെടുത്തില്ല. ജില്ലാതലത്തിൽ എൽഡിഎഫിലുണ്ടായ ധാരണയനുസരിച്ച് ആദ്യ രണ്ടര വർഷം സിപിഎമ്മിനും തുടർന്നു രണ്ടര വർഷം സിപിഐയ്ക്കുമാണ് പ്രസിഡന്റ് സ്ഥാനം.ഇതനുസരിച്ച് പ്രസിഡന്റ് സിപിഎമ്മിലെ വിഎസ് ബാബുരാജും വൈസ് പ്രസിഡന്റ് സിപിഐ യിലെ മഞ്ജുഷ ജി ആനന്ദും ജൂൺ 30ന് രാജി സമർപ്പിച്ചിരുന്നു.