ചെന്നൈ: നടി തൃഷയ്‌ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മന്‍സൂര്‍ അലി ഖാന്‍ തൗസന്റ് ലൈറ്റ്സ് വനിതാ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനിടെ പൊലീസുകാരോട് മന്‍സൂര്‍ അലി ഖാന്‍ ഖേദപ്രകടനം നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്റെ വാക്കുകള്‍ തൃഷയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താനും ഒരുപോലെ വേദനിക്കുന്നുവെന്ന് മന്‍സൂര്‍ അലി ഖാന്‍ ചോദ്യം ചെയ്യലില്‍ ചെന്നൈ പൊലീസിനോട് പറഞ്ഞു എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എപ്പോള്‍ വേണമെങ്കിലും പൊലീസിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മന്‍സൂര്‍ അലി ഖാനെതിരേ ചെന്നൈ തൗസന്‍ഡ് ലൈറ്റ്സ് പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇന്നലെ തന്നെ ഹാജരാകണം എന്ന് പറഞ്ഞ് അദ്ദേഹത്തിന് സമന്‍സ് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൊണ്ടയില്‍ പ്രശ്നമുണ്ടെന്നും സംസാരിക്കാന്‍ കഴിയുന്നില്ലെന്നും പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അതേസമയം അദ്ദേഹം ചെന്നൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തു.
എന്നാല്‍ തൗസന്‍ഡ് ലൈറ്റ് എന്നതിന് പകരം നുങ്കമ്പാക്കം പൊലീസ് സ്റ്റേഷന്‍ എന്ന് രേഖപ്പെടുത്തിയ ഹര്‍ജിയില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ കോടതി തെറ്റ് തിരുത്തി വീണ്ടും ഹര്‍ജി നല്‍കണം എന്നും പിന്നീട് വാദം കേള്‍ക്കാമെന്നും പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മന്‍സൂര്‍ അലി ഖാന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. താന്‍ തൃഷയെ കുറിച്ച് തമാശരൂപേണ പറഞ്ഞതായിരുന്നെന്നും യാതൊരു ദുരുദ്ദേശ്യവുമില്ലായിരുന്നു എന്നുമാണ് താരത്തിന്റെ വിശദീകരണം.
ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിലിറങ്ങിയ ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വിവാദ പരാമര്‍ശം. ലിയോയില്‍ തൃഷയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ താനുമായി കിടപ്പറ രംഗം ഉണ്ടാകും എന്നാണ് കരുതിയത് എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നത്. ഒപ്പം മുന്‍പ് അഭിനയിച്ച നടിമാരെ കുറിച്ചും താരം മോശമായി സംസാരിച്ചിരുന്നു.
ഇതിന് പിന്നാലെ തൃഷ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്‍സൂര്‍ അലി ഖാനൊപ്പം അഭിനയിച്ചിട്ടില്ലെന്നും ഇനി അഭിനയിക്കില്ല എന്നുമായിരുന്നു തൃഷയുടെ പ്രതികരണം. ”മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുന്നു,’ തൃഷ പറഞ്ഞു.
താരത്തിന്റേത് ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധം തുടങ്ങി വെറുപ്പുളവാക്കുന്നതും മോശം അഭിരുചിയുള്ളതുമാ.യ പരാമര്‍ശമാണ് എന്നും അദ്ദേഹത്തെ പോലുള്ളവര്‍ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു എന്നും തൃഷ പറഞ്ഞിരുന്നു. അതേസമയം, നടനെതിരെ നടപടിയെടുക്കാന്‍ ദേശീയ വനിതാ കമ്മീഷനും തമിഴ്‌നാട് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.