Headlines

രക്തസാക്ഷി ഫണ്ട് തിരിമറി നടത്തി; സിപിഎം നേതാവിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണം നേരിട്ട സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സംഘടനാ നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം ടി.രവീന്ദ്രനെ പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന്‌ ഒഴിവാക്കാനും പ്രാഥമിക അംഗത്വംമാത്രം നിലനിർത്താനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു. ടി.രവീന്ദ്രൻ രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് നേരത്തേ തയ്യാറായിരുന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ നടപടി നീട്ടിവെക്കുകയായിരുന്നു.


2008-ൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ വിഷ്ണുവിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽനിന്ന് അഞ്ചുലക്ഷംരൂപ തിരിമറി നടത്തിയതായി മുൻപ് ആരോപണമുയർന്നിരുന്നു. തുടർന്ന് ഇക്കാര്യം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും രവീന്ദ്രൻനായരെ കഴിഞ്ഞ വർഷം ജൂണിൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകത്തെത്തുടർന്ന് കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കാനുമായിരുന്നു ഫണ്ട് സ്വരൂപിച്ചത്.

ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന രവീന്ദ്രൻ നായരുടെ അക്കൗണ്ട് വഴിയാണ് പണം സ്വരൂപിച്ചത്. ഇതിൽ 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിനു കൈമാറി. ബാക്കിയുണ്ടായിരുന്ന പണം നിയമസഹായത്തിനായി മാറ്റിവെക്കുകയും ചെയ്തു. ഈ കേസിൽ നിയമനടപടികൾ നീണ്ടു. ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും വിഷ്ണുവധക്കേസിലെ പ്രതികളെ വെറുതേവിടുകയും ചെയ്തു. ഫണ്ടിൽ സൂക്ഷിച്ചിരുന്ന ബാക്കി പണത്തിൽനിന്ന് അഞ്ചുലക്ഷം രൂപ രവീന്ദ്രൻനായർ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്നാണ് ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: