ലഖ്നൗ :ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തതിന് ഉത്തര്‍പ്രദേശില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്സെടുത്തു.
സക്കീര്‍ അലി ത്യാഗി, വസീം അലി ത്യാഗി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവരെകൂടാതെ മറ്റ് മൂന്ന് പേര്‍ക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്. ജൂലൈ 5 ന് ഷാംലി ജില്ലയിലെ ജലാലാബാദ് പട്ടണത്തില്‍ മോഷണം ആരോപിച്ച് ക്രിമിനല്‍ റെക്കോര്‍ഡ് ഇല്ലാത്ത ഫിറോസ് ഖുറേഷി എന്ന തൊഴിലാളിയെ ആള്‍ക്കൂട്ടം അടിച്ചുകൊലപ്പെടുത്തിയിരുന്നു. ഇതിനെതിരായാണ് മാധ്യമപ്രവര്‍ത്തകര്‍ പോസ്റ്റിട്ടത്. ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് താനാഭവന്‍ എംഎല്‍എ അഷ്റഫ് അലി ഖാനും ഷെയര്‍ ചെയ്തിരിക്കുന്നു. എംഎല്‍എയ്‌ക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിനെ (ആര്‍എല്‍ഡി)യാണ്് എംഎല്‍എ പ്രതിനിധീകരിക്കുന്നത്. ഫിറോസിന്റെ മരണത്തെക്കുറിച്ചും മോദി ജൂണ്‍ 4 ന് അധികാരത്തില്‍ വന്നതിനുശേഷം മുസ്ലിം കൊലപാതകങ്ങളുടെ വര്‍ധനയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരുന്നു.
സാക്കിറിന്റെയും വസീമിന്റെയും ട്വീറ്റുകള്‍ സാമുദായിക അസ്വാരസ്യം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഷാംലി പോലിസ് വാദം. മേഖലയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ ട്വീറ്റുകളെന്നും പ്രസ്താവനയില്‍ പറയുന്നു. കേസിനെ നിയമപരമായി നേരിടാന്‍ തയ്യാറാണെന്ന് സക്കീര്‍ അലി ത്യാഗി സിയാസത് ഡോട്ട് കോമിനോട് പറഞ്ഞു. ”ഞാന്‍ ഒരു വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തിരുന്നെങ്കില്‍ ആരോപണങ്ങളില്‍ അര്‍ത്ഥമുണ്ട്. പക്ഷേ, അങ്ങനെയല്ല. രണ്ട് ദിവസം മുമ്പ് ഷാംലിയില്‍ നടന്ന ഒരു ആള്‍ക്കൂട്ടക്കൊലപാതകത്തെക്കുറിച്ച് ഞാന്‍ ട്വീറ്റ് ചെയ്തു. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാരും പോലിസും മുസ്ലിംങ്ങള്‍ ദിവസേന കൊല്ലപ്പെടണമെന്ന് ആഗ്രഹിക്കുന്നു, ഒരു റിപ്പോര്‍ട്ടറോ പൗരനോ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ പാടില്ല എന്നാണ് അവരുടെ നിയമം- സക്കീര്‍ കൂട്ടിച്ചേര്‍ത്തു.

