പാലക്കാട് : പാലക്കാട് ജില്ലയിൽ സിപിഐയിൽ കൂട്ടരാജി തുടരുന്നു. മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്നും മണ്ഡലം സെക്രട്ടറിയടക്കം 13 പേർ രാജി വച്ചു.മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ CPI മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു.. ജില്ലാ കമ്മിറ്റി അംഗങ്ങളായ പാലോട് മണികണ്ഠൻ,
സി കെ അബ്ദുറഹ്മാൻ ,സീമ കോങ്ങശ്ശേരി എന്നിവർ ഉൾപ്പെടെയുള്ളവരാണ് രാജി വച്ചത്. മണ്ഡലം കമിറ്റി അംഗങ്ങളായ സി ജയൻ ,
സുബ്രമണ്യൻ,രസ്ജീഷ്,പത്മനാഭൻ, മണികണ്ഠൻ കാവുങ്ങൽ ,കെ കെ വിജയകുമാർ ,കെ സിദ്ധിഖ്,മുസ്തഫ ടി പി,
രാമചന്ദ്രൻ ,ആറുമുഖൻ എന്നീ മണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവച്ചവരിൽ ഉൾപ്പെടുന്നു. മണ്ണാർക്കാട് മണ്ഡലം സമ്മേളത്തിൽ മത്സരം നടക്കുകയും പാലോട് മണികണ്ഠനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞടുക്കുകയും ചെയ്തിരുന്നു. രാജി ലഭിച്ചില്ലെന്ന് ജില്ലാ നേതൃത്വം പറയുന്നുണ്ട്.
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിനെതിരെയായ പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ജില്ലാ സെക്രട്ടറി സമ്മേളനങ്ങളിലുണ്ടായ തിരിച്ചടിക്ക് പ്രതികാരം ചെയ്യുകയാണെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. ജില്ലാ സെക്രട്ടറിയുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനും കുട പിടിക്കുന്നവരെ കമ്മിറ്റികളിൽ തിരുകി കയറ്റുന്നതിന്റെ ഭാഗമായാണ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് എന്നും അവർ ആരോപിക്കുന്നു. സംസ്ഥന നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്ന് വിമത വിഭാഗം ആവശ്യപ്പെടുന്നു. നേതൃത്വം ഇടപ്പെട്ടില്ലെങ്കിൽ ലോക്കൽ – ബ്രാഞ്ച് സെക്രട്ടറിമാർ , ബഹുജന സംഘടനാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ രാജി വയ്ക്കാൻ ഒരുങ്ങുകയാണ്. നെന്മാറ, കുഴൽ മന്ദം, മണ്ഡലം കമ്മിറ്റികളിലും രാജി ഉണ്ടാകുമെന്നാണ് അറിയുന്നത്. 11 ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജിക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്.
സിപിഐയിൽ മണ്ണാർക്കാടും കൂട്ടരാജി
