തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, യദുവിൻ്റെ ഹർജികൾ മാധ്യമ ശ്രദ്ധക്കുവേണ്ടിയാണെന്നും യദുവിനെതിരെ നേരത്തെ ലൈഗിംക അതിക്രമ കേസുൾപ്പെടെയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം പൂർത്തിയായി ഈ മാസം 30 ന് വിധി പറയും.
14 ഡോക്യുമെന്റുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നാല്, അഞ്ച് പ്രതികള്‍ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മേയര്‍ക്കും പങ്കാളിയും എംഎല്‍എയുമായി സച്ചിന്‍ദേവിനൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. നേരത്തെ പ്രതിപട്ടികയില്‍ നാല്, അഞ്ച് പ്രതികള്‍ ആരെന്ന് ഉണ്ടായിരുന്നില്ല. അതേസമയം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന യദുവിന്റെ ഹര്‍ജി 29 ന് വീണ്ടും പരിഗണിക്കും.
നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ആര്യയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ബസ്സില്‍ അതിക്രമിച്ച് കയറിയെന്നുമാണ് മേയര്‍ക്കെതിരെയുള്ള പരാതി. സച്ചിന്‍ ദേവ് ബസില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തു വെച്ചാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലും കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
