കൊച്ചി: പോളിസി ഉടമക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച ഇന്‍ഷുറന്‍സ് കമ്പനിയുടെ നടപടി സേവനത്തില്‍ ന്യൂനതയും അധാര്‍മികവുമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. പരാതിക്കാരന്റെ ഭാര്യയുടെ ചികിത്സാ ചെലവിനായി നല്‍കിയ 1.33 ലക്ഷം രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
ആലുവ സ്വദേശി രഞ്ജിത്ത് ആര്‍ യൂണിവേഴ്‌സല്‍ സോപോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ആഗസ്റ്റ് മാസത്തിലാണ് പരാതിക്കാരന്റെ ഭാര്യയെ കഠിനമായ വയറുവേദന തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പിത്താശയത്തില്‍ കല്ലുകള്‍ ഉള്ളതായി കണ്ടെത്തുകയും ശാസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 5 ദിവസത്തെ ചികിത്സക്ക് ശേഷം രോഗി ആശുപത്രി വിട്ടു.
ചികിത്സ ചെലവിനത്തില്‍ 1.33 ലക്ഷം രൂപ പരാതിക്കാരന് ചെലവായി . ഈ തുകക്കായി എതിര്‍കക്ഷിയായ ഇന്‍ഷുറന്‍സ് കമ്പനിയെ രേഖാമൂലം അറിയിച്ചുവെങ്കിലും ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ പരാതിക്കാരന്‍ സമീപിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനത്തില്‍ ന്യൂനതയും ധാര്‍മികമായ വ്യാപാര മാര്‍ഗവും ഉണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് കണ്ടെത്തി.

