വീണ്ടും മെസി മാജിക്; ഇന്റർ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം

ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന സിംഹാസനത്തില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്‍റര്‍ മയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. ലിയോയുടെ കരിയറിലെ 44-ാം കിരീടമാണിത്. ലീഗ്‌സ് കപ്പിലെ ടോപ് സ്കോറര്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്‌കാരവും മെസി സ്വന്തം പേരിലാക്കി. ഫൈനലില്‍ ഇന്‍റര്‍ മയാമിക്കായി നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസി വല കുലുക്കിയിരുന്നു. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങള്‍ക്ക് മാത്രം ശേഷമാണ് ക്ലബില്‍ മെസിയുടെ കന്നിക്കിരീടധാരണം.

ഫൈനലില്‍ നാഷ്‌വില്ലിനെ സഡന്‍ ഡത്തില്‍ 10-9 എന്ന ഗോള്‍നിലയില്‍ തോല്‍പിച്ചാണ് ഇന്‍റര്‍ മയാമിയുടെ കിരീടധാരണം. ലീഗ്‌സ് കപ്പിലും ക്ലബ് ചരിത്രത്തിലും മയാമിയുടെ കന്നിക്കിരീടമാണിത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും അവിടെ നിന്ന് സഡന്‍ ഡത്തിലേക്കും നീണ്ടത്. ഇരു ടീമുകളും 11 വീതം കിക്കുകള്‍ ഷൂട്ടൗട്ടില്‍ എടുക്കേണ്ടിവന്നു വിജയിയെ കണ്ടെത്താന്‍. ഗോളി ഡ്രേക്ക് കലണ്ടറിന്‍റെ പ്രകടനം മയാമിക്ക് നി‍ര്‍ണായകമായി.

കളി തുടങ്ങി 23-ാം മിനുറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള ശക്തമായ ഇടംകാലന്‍ അടിയില്‍ മെസി ഇന്‍റര്‍ മയാമിക്ക് ലീഡ് സമ്മാനിച്ചിരുന്നു. നാഷ്‌വിൽ പ്രതിരോധത്തെ വെട്ടിത്തിരിഞ്ഞുള്ള നീക്കത്തിനൊടുവില്‍ സുന്ദരമായി ഫിനിഷ് ചെയ്യുകയായിരുന്നു ലിയോ. ഇതോടെ മയാമി 1-0ന്‍റെ ലീഡുമായി ഇടവേളയ്‌ക്ക് പിരിഞ്ഞെങ്കിലും രണ്ടാംപകുതിയില്‍ 57-ാം മിനുറ്റില്‍ ഫഫാ പിക്കൗള്‍ട്ട് നാഷ്‌വില്ലിനെ 1-1 എന്ന തുല്യതയിലെത്തിച്ചു. എന്നാല്‍ തിരിച്ചടിക്കാനുള്ള മയാമിയുടെ ശ്രമങ്ങളെല്ലാം പിഴച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്‍റര്‍ മയാമിക്കായി ആദ്യ കിക്ക് എടുത്ത് വലയിലാക്കിയതും മെസിയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: