തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ കുന്നുംകുളം, ഗുരുവായൂർ, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ് നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. പഴുന്നാന, കടങ്ങോട്, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. രാവിലെ 8.16-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളിലെ ജനൽ ചില്ലുകൾ ഇളകി. അപകടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാലക്കാട് തിരുമറ്റക്കോട് മേഖലയിലും ഭൂകമ്പം ഉണ്ടായി. 8.16-നാണ് ഇവിടെയും ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത സംബന്ധിച്ച വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.കഴിഞ്ഞ വർഷവും ജില്ലയിൽ ഭൂചലനവും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അനുഭവപ്പെട്ടിരുന്നു. കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലായിരുന്നു സംഭവം.

