വനിത സംവരണം തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: വനിത സംവരണം തെരഞ്ഞെടുപ്പിനുള്ള പ്രചരണായുധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.

ബിജെപി അധികാരത്തില്‍ വന്ന് ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നത്. വനിത സംവരണം വേഗത്തില്‍ നടപ്പിലാക്കാനായിരുന്നില്ല, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ നടപടി. സ്ത്രീകള്‍ക്ക് സംവരണം കൊടുത്തുവെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനുള്ള തന്ത്രമാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ‘വനിത സംവരണം-സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ കേരള മഹിളാ സംഘം സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജെ ചിഞ്ചുറാണി.


രാജ്യത്തെ ജനസംഖ്യയില്‍ പകുതിയിലേറെ സ്ത്രീകളാണ്. നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉണ്ടാകേണ്ടത് പ്രധാനമാണ്. സ്ത്രീകള്‍ വീട് ഭരിച്ചാല്‍ മതിയെന്ന ചിന്താഗതിയുള്ള സമൂഹത്തില്‍ നിന്ന് പോരാടിയാണ് ഓരോ സ്ത്രീകളും മുന്നോട്ടുവന്നിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ദേശീയ മഹിളാ ഫെഡറേഷനും കേരള മഹിളാസംഘവും ഉള്‍പ്പെടെ വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ ദീര്‍ഘദിവസങ്ങള്‍ നീണ്ടുനിന്ന തുടര്‍ച്ചയായ സമരം ഉള്‍പ്പെടെ നടത്തി. ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവായിരുന്ന ഗീതാ മുഖര്‍ജി ഈ ആവശ്യമുന്നയിച്ച് കൊണ്ടുവന്ന സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ പിച്ചിച്ചീന്തുകയായിരുന്നുവെന്നും ജെ ചിഞ്ചുറാണി പറഞ്ഞു.
മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോള്‍ വിഷയാവതരണം നടത്തി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം മോഡറേറ്ററായിരുന്നു. എന്‍എഫ്ഐഡബ്ല്യു വൈസ് പ്രസിഡന്റ് കമല സദാനന്ദന്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണ, വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍, മഹിളാസംഘം നേതാക്കളായ ഷീജ എ എസ്, ഷീല വിജയകുമാര്‍, വിജയമ്മ ലാലി, ഷാജിറ മനാഫ്, സ്വര്‍ണലത, കെ സി ആലീസ്, ഹണി ബഞ്ചമിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാഖി രവികുമാര്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ കവിത സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: