തിരുവനന്തപുരം: ‘മിത്ത് വിവാദത്തിൽ’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെയും മന്ത്രിയെ കുറിച്ചും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. ദേവസ്വം മന്ത്രിയുടെ ചിത്രം സഹിതമായിരുന്നു സലിം കുമാറിന്റെ പരിഹാസം.
ഇതിന് പിന്നാലെ സലിം കുമാറിന് എതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച സലിം കുമാറിന്റെ നടപടി ഒട്ടും ശരിയല്ല. സലിംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാർ അദ്ദേഹത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്നും മന്ത്രി പറഞ്ഞു.

സലിംകുമാറിനെതിരെ വിമർശനവുമായി എഐവൈഎഫും രംഗത്തു വന്നു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ അധിക്ഷേപിച്ചു ഫേസ്ബുക് പോസ്റ്റിട്ട നടൻ സലിം കുമാർ സ്വയം പരിഹാസ്യൻ ആവുകയാണ്. ക്ഷേത്രങ്ങളുടെ സ്വത്ത് ദേവസ്വം ബോർഡിലൂടെ സർക്കാർ തട്ടിയെടുക്കുന്നു എന്ന സംഘ പരിവാർ വ്യാജ പ്രചാരണത്തിന് ചൂട്ടു കത്തിച്ചു കൊടുക്കുകയാണ് സലിം കുമാർ ചെയ്തത്.
ദേവസ്വം ബോർഡിന് കാണിക്കയായി ലഭിക്കുന്ന വരുമാനം സർക്കാർ ക്ഷേത്ര കാര്യങ്ങൾക്ക് വേണ്ടിയാണ് ചിലവാക്കുന്നത് എന്ന വസ്തുത മറച്ചു വെച്ചാണ് സംഘ പരിവാർ വർഷങ്ങളായി ഈ വ്യാജ പ്രചരണം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നതിന്റെ ഭാഗമായി ഈ ആരോപണം സംഘ പരിവാർ വീണ്ടും എടുത്തു പ്രയോഗിക്കുന്നുണ്ട്. സമൂഹത്തെ തെറ്റിധരിപ്പിക്കുന്ന കുപ്രചരണങ്ങൾക്ക് ഒരു വാക്ക് കൊണ്ടുപോലും വിസിബിലിറ്റി കൊടുക്കാതിരിക്കാൻ കലാകാരന്മാർ ശ്രദ്ധിക്കണം. രാഷ്ട്രീയ വിമർശനങ്ങളാകാം, വ്യക്തിഹത്യ അരുത്. പൊതു സമൂഹത്തെ വർഗീയമായി വിഭജിക്കുന്ന പ്രസ്താവനകൾ തമാശയായി കാണണനാകില്ല. പ്രതികരണങ്ങൾ നടത്തുമ്പോൾ അതിന്റെ രാഷ്ട്രീയ ആഘാതം എത്രമാത്രം വലുതാകും എന്നുകൂടി ചിന്തിക്കണണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ പറഞ്ഞു.