നേമം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ മന്ത്രി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:നേമം നിയോജക മണ്ഡലത്തിലെ കമലേശ്വരം വാർഡിൽ കരിയിൽ തോടിന് കുറുകെ നിർമ്മിച്ച പുതിയ പാലത്തിന്റെയും എസ്റ്റേറ്റ് വാർഡിൽ ഉൾപ്പെടുന്ന മലമേൽക്കുന്നിൽ പാർശ്വഭിത്തി, ഷട്ടർ ക്രമീകരണം എന്നിവയുടെ നിർമ്മാണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലത്തിൽ പാലങ്ങളുമായി ബന്ധപ്പെട്ട് നിരവധി വികസന പ്രവർത്തനങ്ങൾ ആണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മധുപാലത്ത് പുതിയ പാലം നിർമ്മിക്കാൻ 12.81 കോടി രൂപയുടെ ഭരണാനുമതിക്കായുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കാലടി സൗത്ത് കല്ലടിമുഖം പാലം നിർമ്മിക്കുന്നതിനായി 10.32 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി. തിരുവല്ലത്ത് ബൈപ്പാസിലെ അപകട സാധ്യത കുറയ്ക്കുന്നതിനായി ദേശീയ പാതാ അതോറിറ്റി മുഖേന ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് 40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇടയാർ, മുടവൻമുകൾ, പള്ളത്തുകടവ് പാലങ്ങളുടെ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പനത്തുറയിൽ ദേശീയ ജലപാതയുടെ ഭാഗമായി 3.25 കോടിയോളം രൂപയുടെ ലിഫ്റ്റ് ബ്രിഡ്ജ്, വടുവത്ത് 32 ലക്ഷം രൂപ ചെലവിൽ പാലം എന്നിവ നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. മുട്ടാർ തോട് ആരംഭം മുതൽ കന്നുകാലിച്ചാൽ വരെ പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്നതിനും ഇതിന്റെ അനുബന്ധ ഓടകൾ നിർമ്മിക്കുന്നതിനും 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിനെ തുടർന്ന് മുട്ടാർ പുനരുദ്ധാരണത്തിനായി വകുപ്പ് 12 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സമർപ്പിച്ചു. ജലസേചന മേഖലയിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന മറ്റു നിരവധി പദ്ധതികളും മന്ത്രി വിശദീകരിച്ചു.
75 ലക്ഷം രൂപ ചെലവിൽ ജലസേചന വകുപ്പാണ് കരിയിൽ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. മലമേൽ കുന്നിലെ പാർശ്വഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾക്ക് 94 ലക്ഷം രൂപയാണ് ചെലവായത്. ഇരു ചടങ്ങുകളിലും വിവിധ തദ്ദേശഭരണ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: