ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടന്ന കുംഭമേളയുടെ തിരക്കിൽപെട്ട് മരിച്ചവരുടെ വിവരങ്ങൾ പങ്കിടാൻ വിസ്സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം. അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മത സംഘടനകളുടെ ചടങ്ങുകൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കൽ, പരിപാടിക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങൾ തടയൽ തുടങ്ങിയവ ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
കോൺഗ്രസ് എംപിമാരായ കെ.സി. വേണുഗോപാലും കിർസൻ നാംദിയോയുമാണ് മഹാകുംഭത്തിലെ മരണങ്ങളെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം, തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ അധികാരികൾ സ്വീകരിച്ച നടപടികൾ, ജുഡീഷ്യൽ അന്വേഷണത്തിന്റെയോ മറ്റേതെങ്കിലും അന്വേഷണത്തിന്റെയോ വിശദാംശങ്ങൾ, ഇരകൾക്കോ അവരുടെ ബന്ധുക്കൾക്ക് എന്തെങ്കിലും സഹായം നൽകിയോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച കൃത്യമായ നടപടികൾ എന്നിവയാണ് എംപിമാർ ചോദിച്ചത്.
എന്നാൽ, തിക്കും തിരക്കും ഉൾപ്പെടെ ഒരു സംസ്ഥാനത്ത് സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുക, മരിച്ച ഭക്തരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്നിവ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരും. അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിവുണ്ട്. അത്തരം വിവരങ്ങളൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.