കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട് വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗോകുൽ എന്ന പതിനേഴ് വയസുകാരൻ ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ആളുകൾക്കെതിരെ നടപടി എടുക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഗോകുലിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഗോകുലിനെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസ് പല തവണ ഇയാളെ കൈയിൽ കിട്ടിയാൽ വെറുതെ വിടില്ലെന്ന് ഭീഷണിപെടുത്തുകയും യുവാവിന്റെ സുഹൃത്തുക്കളുടെ ഫോണുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, ആദിവാസി യുവാവിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത ഗോകുലിന് പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് 5 നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം ബാക്കിയുണ്ട്. പ്രായം തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖയും ലഭിച്ചിട്ടുണ്ട്.
മാർച്ച് 26 ന് കൽപ്പറ്റയിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ ഗോകുലിനിപ്പം കോഴിക്കോട് നിന്ന് തിങ്കളാഴ്ച വൈകിട്ട് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരെ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ കസ്റ്റഡിയിലെടുത്ത ഗോകുലിനോട് രാത്രി മുഴുവൻ സ്റ്റേഷനിൽ നിൽക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു ഒരു ദിവസം മുഴുവൻ ഗോകുൽ പോലീസ് സ്റ്റേഷനിൽ കഴിഞ്ഞു. പിറ്റേന്ന് രാവിലെ ഗോകുൽ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും പോകുകയുമായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതോടെ പോലീസ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച രാവിലെ 7.45 കൽപ്പറ്റ പോലീസ് സ്റ്റേഷന്റെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുലിനെ കണ്ടെത്തുകയായിരുന്നു
