കാണാതായ ഒൻപതുവയസുകാരന്റെ മൃതദേഹം മണൽകൂനയിൽ കണ്ടെത്തിയത് കുട്ടിയുടെ കൂടെ കളിക്കുന്ന തെരുവ് നായ

സില്‍വാസ: കാണാതായ ആണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള മണല്‍ക്കൂനയില്‍ കണ്ടെത്തി. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലിയിലെ സില്‍വാസയില്‍ നിന്നാണ് കുട്ടിയെ കാണാതായത്. മൃതദേഹം കണ്ടെത്താൻ സഹായിച്ചത് കുട്ടിയുടെ കൂടെ കളിക്കാറുണ്ടായിരുന്ന തെരുവ് നായയാണ്. ചൊവ്വാഴ്ച വൈകുന്നേരം കളിക്കാന്‍ പോയ ഒമ്പതു വയസുകാരന്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് വീട്ടില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള മണല്‍ക്കൂനയില്‍ കുഴിച്ചിട്ട നിലയിൽ കുട്ടിയെ കണ്ടെത്തിയത്.


ചൊവ്വാഴ്ച കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടന്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കുട്ടി ഒരു തെരുവു നായയുമായി കളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതിനെ പറ്റി അന്വേഷിച്ചപ്പോള്‍ നായ പ്രദേശത്തുള്ളതാണെന്നും കുട്ടി അതിനൊപ്പം കളിക്കുകയും ഭക്ഷണം നല്‍കാറും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് പൊലീസ് നായയെ അന്വേഷിച്ചത്. കണ്ടുകിട്ടുമ്പോള്‍ നായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മണ്‍കൂനയ്ക്ക് മുകളില്‍ കയറി മണല്‍ നീക്കുകയായിരുന്നു. 15 അടി ഉയരത്തിലുള്ള മണല്‍ക്കൂനയില്‍ അസ്വാഭാവികമായി നായയെ കണ്ട പൊലീസ് മണല്‍ നീക്കി പരിശോധിച്ചപ്പോഴാണ് കുട്ടിയെ മണല്‍ കൂനയ്ക്കുള്ളില്‍ കണ്ടെത്തിയത്.

”മകനും നായയും സുഹൃത്തുക്കളായിരുന്നു. പൊലീസും നാട്ടുകാരും പലയിടത്തായി എന്‍റെ മകനെ തിരയുമ്പോള്‍ നായ അതിന്‍റെ കടമ നിര്‍വഹിക്കുകയായിരുന്നു. അവര്‍ രണ്ടുപേരും ഇതുവരെ ആ മണ്‍കൂനയ്ക്ക് അടുത്തേക്ക് പോയിട്ടില്ല. അത് മുള്‍വേലികൊണ്ട് കെട്ടി മറച്ച നിലയിലായിരുന്നു. നായ മണല്‍ കുഴിക്കുന്നത് കണ്ട് സംശയം തോന്നിയാണ് അവിടെ തിരഞ്ഞത്” എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ആന്തരീകാവയവങ്ങള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. നിലവില്‍ മരണ കാരണം വ്യക്തമല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: