തിരുവനന്തപുരം: ആർ എസ്പി മുൻ സംസ്ഥാന കമ്മിറ്റിയംഗം എം കാസിം കുഞ്ഞിന്റെ സ്മരണാർത്ഥം, കേരളത്തിലെ തൊഴിലാളി നേതാവിന് നൽകുന്ന ഈ വർഷത്തെ പുരസ്കാരത്തിന് മുൻ മന്ത്രിയും സിപിഐ നേതാവും ബികെഎംയു ദേശീയ വൈസ് പ്രസിഡന്റുമായ കെ ഇ ഇസ്മായിലിനെ തിരഞ്ഞെടുത്തു.
11,111 രൂപയും എൻ എസ് ലാൽ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.എം കാസിം കുഞ്ഞിന്റെ മൂന്നാമത് ഓർമ്മദിനമായ ഒക്ടോബർ 28ന് പൂവച്ചലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാര വിതരണം നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ പൂവച്ചൽ ഷാഹുൽ, ജനറൽ കൺവീനർ കെ ഗിരി, ഫൗണ്ടേഷൻ പ്രസിഡന്റ് പൂവച്ചൽ നാസർ, സെക്രട്ടറി കെ പി ദിലീപ് ഖാൻ എന്നിവർ അറിയിച്ചു. കെ പി രാജേന്ദ്രൻ, ആനത്തലവട്ടം ആനന്ദൻ എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.
