തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിക്കൊഴികെ ബാക്കിയുള്ളതിനെല്ലാം കനത്ത വിലയാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പ്ലൈകോയിൽ അവശ്യസാധനങ്ങൾ ലഭ്യമാകാത്തത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോ തകർച്ചയിലാണെന്ന് പ്രചരിപ്പിച്ച് കുത്തകളെ ചില്ലറ വിപണയിലേക്ക് ഇറക്കാനുള്ള നീക്കങ്ങളാണ് നടന്നുവരുന്നതെന്ന് നോട്ടീസിന് മറുപടി നൽകവേ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
‘സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അവശ്യസാധനങ്ങൾ ഇല്ലായെന്ന് മന്ത്രിക്ക് സഭയിൽ രേഖാമൂലം സമ്മതിക്കേണ്ടി വന്നു. ഞങ്ങളുന്നയിക്കുന്ന ജനകീയ പ്രശ്‌നങ്ങളുടെ ആത്മാർത്ഥത സിപിഐയുടെ സംസ്ഥാന കൗൺസിലിൽ ഇരിക്കുന്ന ഭാര്യക്ക് മനസ്സിലായിട്ടും മന്ത്രിക്ക് സമ്മതിക്കാൻ കഴിയുന്നില്ല. ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകുന്ന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെങ്കിലും മന്ത്രിക്ക് വേണം’ ഷാഫി പറമ്പിൽ പറഞ്ഞു.
ഭക്ഷ്യവകുപ്പിനോട് ചെയ്യുന്ന അനീതിക്കെതിരെ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നിൽക്കുകയാണ് വേണ്ടത്. മാവേലി സ്റ്റോറിൽ പോകുന്ന ആളുകൾ വെറുംകൈയോടെയാണ് മടങ്ങിവരുന്നത്. ദയവായി മാവേലിയെ പറയിപ്പിക്കുന്നത് നിർത്തണം. കെ, വെച്ച് വല്ല പേരും ഇട്ടാൽ ആളുകൾക്ക് വല്യപ്രതീക്ഷയും ഉണ്ടാകില്ല, മാവേലിയെ പറയിപ്പിക്കുന്നത് നിർത്താനും പറ്റുമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.
എല്ലാ മേഖലയിലും കേരളത്തിന്റെ വിപണി ഇടപെടൽ മാതൃകാപരമാണെന്നും അതിന്റെ ജീവനാഡിയാണ് സപ്ലൈകോയെന്നും ഭക്ഷ്യമന്ത്രി പറയുകയുണ്ടായി. അതിനെ തകർക്കണമെന്ന് താത്പര്യമുള്ളവരുണ്ട്. സപ്ലൈകോ തകർച്ചയിലാണെന്ന് വരുത്തി അതിന്റെ മറവിലൂടെ കുത്തകളെ ചില്ലറ വിപണികളിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.നിലവിൽ നേരിടുന്ന പ്രയാസം താത്‌കാലികമാണ്. അതിനെ മറികടക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

