കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ കണ്ടെടുത്തത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ ആറ് മണിക്ക് നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഒന്നാമത്തെ ബ്ലോക്കിൽ പത്താമത്തെ സെല്ലിന് സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്മാർട്ട് ഫോൺ ആണ് കണ്ടെത്തിയത്. ഇത് ആരുടേതാണെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല. ജയിലിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്ന് സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു. പണം നൽകിയാൽ പുറത്തേക്ക് വിളിക്കാൻ കഴിയുമെന്നും പറഞ്ഞു. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് ജയിലിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആശങ്കകൾ ഉയർന്നിരുന്നു.
