ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം നടത്തിയത് വിപുലമായ ശ്രമങ്ങളായിരുന്നെന്നും മോദി ചൂണ്ടിക്കാട്ടി. എളിയ സ്ഥാനത്തുനിന്ന് ഉയർന്നുവന്ന അദ്ദേഹം ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ധനായി മുന്നേറിയെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ മോദി ചൂണ്ടിക്കാട്ടി. ധനമന്ത്രി ഉൾപ്പെടെ വിവിധ ഭരണ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. രാജ്യത്തിന്റെ സാമ്പത്തികനയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ച വ്യക്തിയാണ് മൻമോഹൻ സിങ് എന്നും മോദി കുറിച്ചു.
മൻമോഹൻ സിങിന്റെ നിര്യാണത്തോടെ തനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ ജി രാജ്യത്തെ നയിച്ചതെന്ന് രാഹുൽ. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും തൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി രാഹുൽ എക്സിൽ കുറിച്ചു. തനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് നിർണായക സംഭാവനകൾ നൽകിയ നേതാവായിരുന്നു മൻമോഹൻ സിങ്ങെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുസ്മരിച്ചു. ‘‘മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ജി അക്കാദമിക രംഗത്തും ഭരണരംഗത്തും ഒരുപോലെ കഴിവുതെളിയിച്ച അപൂർവം രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് അദ്ദേഹം നിർണായക സംഭാവനകൾ നൽകി. രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്ടമാണ്. ഭാരതത്തിൻ്റെ ഏറ്റവും മഹത്തായ പുത്രന്മാരിൽ ഒരാളായ മൻമോഹൻ സിങ്ങിന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.’’ – രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മൻമോഹൻ സിങ് ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിൻ്റെ ശില്പിയെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അനുസ്മരിച്ചു. അദ്ദേഹം രാജ്യത്തെ വളർച്ചയിലേക്കും സമൃദ്ധിയിലേക്കും നിർണായക പരിവർത്തനത്തിലൂടെ ധീരതയോടെ നയിച്ചുവെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യനെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധി അനുശോചന സന്ദേശത്തിൽ കുറിച്ചത്. ‘‘മൻമോഹൻ സിങ് ജി നൽകിയ ബഹുമാനം രാഷ്ട്രീയത്തിൽ കുറച്ച് ആളുകൾക്ക് പ്രചോദനമേകുന്നു. അദ്ദേഹത്തിൻ്റെ സത്യസന്ധത എല്ലായ്പ്പോഴും ഞങ്ങൾക്ക് പ്രചോദനമായിരിക്കും, എതിരാളികളുടെ അന്യായവും വ്യക്തിപരവുമായ ആക്രമണങ്ങൾക്ക് വിധേയമായിട്ടും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിന്ന ഒരാളെന്ന നിലയിൽ ഈ രാജ്യത്തെ യഥാർത്ഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നേക്കും തലയുയർത്തി നിൽക്കും. അദ്ദേഹം യഥാർത്ഥത്തിൽ സമത്വവാദിയും, ജ്ഞാനിയും, ശക്തമായ ഇച്ഛാശക്തിയുള്ള ധീരനുമായിരുന്നു. രാഷ്ട്രീയത്തിൻ്റെ പരുക്കൻ ലോകത്തെ സൗമ്യനായ മനുഷ്യൻ.’’ – പ്രിയങ്ക ഗാന്ധി കുറിച്ചു.

