ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്ത നിരവധിപേരുടെ വീഡിയോ വൈറലായിരുന്നു. അതിലൊന്നായിരുന്നു മോണി ബോസ്ലെ എന്ന മാലവിൽപ്പനക്കാരിയായ പെൺകുട്ടിയുടെ വീഡിയോ. മൊണാലിസയെ പോലെ സുന്ദരിയായ പെൺകുട്ടി അതേപേരിൽ തന്നെയാണ് സൈബർ ലോകത്ത് അറിയപ്പെട്ടതും. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും രുദ്രാക്ഷമാലകൾ വിൽക്കാനായിരുന്നു മോണി ബോസ്ലെ കുംഭമേളയ്ക്കെത്തിയത്. ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനം സംബന്ധിച്ച ചർച്ചകളാണ് സൈബർ ലോകത്ത് സജീവമാകുന്നത്.
പത്ത് ദിവസം കൊണ്ട് 10 കോടി രൂപയാണ് മൊണാ ലിസ സമ്പാദിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വാർത്ത. എന്നാൽ ഈ വാദങ്ങൾ തള്ളി മൊണാ ലിസ തന്നെ രംഗത്തെത്തി. അത്രയധികം പണം സമ്പാദിക്കാൻ തനിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ ഈ മാലകൾ വിൽക്കാൻ ഇവിടെ നിൽക്കില്ലായിരുന്നുവെന്നാണ് മൊണാലിസ പറയുന്നത്.
ഇൻഡോറിൽ നിന്ന് കുടുംബത്തോടൊപ്പം രുദ്രാക്ഷമാലയും മുത്തുമാലകളും വിൽക്കാനാണ് മോണി ബോസ്ലെ പ്രയാഗ് രാജിലെത്തിയത്. എന്നാൽ മോണി ബോസ്ലെയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ കുംഭമേളയ്‌ക്കെത്തിയ യൂട്യൂബർമാരും ജനങ്ങളും ഈ പെൺകുട്ടിയെ വിടാതെ പിന്തുടർന്നു. ഇതെല്ലാം പെൺകുട്ടിയുടെ സുരക്ഷയ്ക്കും വെല്ലുവിളിയായി.
അതേസമയം, മൊണാലിസ സ്വന്തം നാട്ടിലേക്ക് തിരികെ പോയി എന്ന റിപ്പോർട്ടും പുറത്തുവന്നു. കുടുംബത്തിന്റെയും തന്റെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി തനിക്ക് ഇൻഡോറിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറ്റിയാൽ അടുത്ത മഹാകുംഭമേളയ്ക്ക് എത്തുമെന്നും മോണി ബോസ്ലെ എക്‌സിൽ കുറിച്ചു.
മൊണാ ലിസയുടെ പ്രശസ്തി തങ്ങളുടെ കച്ചവടത്തെ മോശമായി ബാധിച്ചെന്ന് മൊണാ ലിസയുടെ പിതാവ് പറഞ്ഞു. പലരും മാലകൾ വാങ്ങുന്നതിന് പകരം മകളോടൊപ്പം ചിത്രങ്ങളെടുക്കാനാണ് തങ്ങളുടെ അടുത്തേക്ക് വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
