പത്തനംതിട്ട: മണ്ഡലകാലത്തേക്ക് ശബരിമലയിൽ കൂടുതൽ പാമ്പ് പിടിത്തക്കാരെത്തുന്നു. ഇതിനായുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചു. സന്നിധാനത്തേക്കുള്ള യാത്രക്കിടയിൽ ആറുവയസുകാരിക്ക് മാളികപ്പുറത്തുവെച്ച് പാമ്പ് കടിയേറ്റിരുന്നു. ഇതേതുടർന്നാണ് അടിയന്തിര നീക്കം. ആറുവയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തെ തുടർന്നാണ് കൂടുതൽ പാമ്പ് പിടിത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6) യ്ക്കാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച് പുലർച്ചെ നാലിന് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണലിയുടെ കടിയാണേറ്റതെന്നാണ് നിഗമനം.
കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാതെ ഇരിക്കാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രണ്ട് പാമ്പ് പിടിത്തക്കാർ വനം വകുപ്പിന്റേതായി സേവനം നടത്തുന്നുണ്ട്. എന്നാൽ, ഇപ്പോൾ നടന്ന അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടുപേരെ കൂടി അധികം വിന്യസിക്കും. മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാർ കൂടുതകൾ ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് നിർദേശിച്ചു. അയ്യപ്പന്മാർക്ക് അടിയന്തിര വൈദ്യസഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ടെന്ന് ഡിഎംഓ അറിയിച്ചു.
സന്നിധാനത്തേക്കുള്ള യാത്രാ വഴികളിൽ പാമ്പ് പിടിത്തക്കാരെ വിന്യസിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും നിർദേശിച്ചു. ഇതുസംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായും ദേവസ്വം മന്ത്രി ചർച്ച നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾക്കടക്കം പാമ്പ് കടിയേറ്റിരുന്നു. നിലവിൽ നാല് പാമ്പു പിടിത്തക്കാരെ നിയോഗിച്ചിട്ടുണ്ട്. കാനനപാതയിൽ വനാശ്രീ തരിൽനിന്ന് നിയമിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെയും തീർഥാടകരുടെ സഹായത്തിനായി വിന്യസിച്ചിട്ടുണ്ട്. അടുത്തിടെ സന്നിധാനത്തെ മരങ്ങളിലും മറ്റും പാമ്പിനെ കണ്ടിരുന്നു.
