500ൽ അധികം ഫൈൻ ആർട്സ് വർക്കുകൾ കാണാം; ഫെബ്രുവരി 12 മുതൽ 26 വരെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സീ – ആനുവൽ ഷോ 2024

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ്. രാജശ്രീ ഫെബ്രുവരി 12ന് 11 മണിക്ക് ഫൈൻ ആർട്സ് കോളജിലെ സെമിനാർ ഹാളിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.

ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട് വർക്കുകൾ പ്രദർശിപ്പിക്കുന്നുണ്ട്. പെയിന്റിം​ഗ്, അപ്ലൈഡ് ആർട്ട്, ശിൽപകല എന്നീ ഡിപാർട്ടുമെന്റുകളിൽ നിന്നുമായി ഡിസൈൻസ്, ചിത്രങ്ങൾ, ശില്പങ്ങൾ, ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് കോളജിന്റെ കലാപ്രവർത്തനങ്ങളുമായി സംവദിക്കാനുള്ള ഒരു വേദി കൂടിയാണ് ഈ പ്രദർശനം.

ആനുവൽ ഷോയുടെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രസന്റേഷനുകളും ചർച്ചകളും വർക് ഷോപ്പുകളും സംഘടിപ്പിക്കപ്പെടും. ഫെബ്രുവരി 16,17 തീയതികളിൽ എഫ്ഐഎൽസിഎ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ഇൻറ്റർനാഷണൽ ഫോക്ലോർ ഷോർട്-ഡോക്യുമെൻററി ഫെസ്റ്റിവലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സിനിമാ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇതുകൂടാതെ വിവിധ ദിവസങ്ങളിലായി മറ്റു സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.

എക്സിബിഷനും അനുബന്ധ പരിപാടികളും എല്ലാവർക്കും കാണാം. രാവിലെ 10 മണി തൊട്ട് വൈകിട്ട് 7 വരേയാണ് ഗാലറിയിലെ പ്രദർശന സമയം. വർഷങ്ങളായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ് നടത്തി വന്നിരുന്ന ആനുവൽ ഷോ കൊവിഡിനെ തുടർന്ന് 2020 മുതൽ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പരിശ്രമത്തിൽ ‘സീ’ എന്ന ആനുവൽ ഷോ വീണ്ടും അരങ്ങേറാൻ പോവുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: