ചേർത്തല: മൂന്നുവയസ്സുകാരിയെ സ്‌കൂട്ടറിൻ്റെ സീറ്റിൽ നിർത്തി യാത്രചെയ്ത അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്. സാമൂഹികമാധ്യമത്തിൽ വന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിന് ശേഷം മുട്ടത്തിപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബി(25)ക്കെതിരേയാണു നടപടി. ഫെബ്രുവരി 26-ന് രാത്രി പതിനൊന്നരയ്ക്ക് ചേർത്തല-പതിനൊന്നാംമൈൽ-മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു ഇയാൾ കുട്ടിയെ പിന്നിൽ നിർത്തി അപകടയാത്ര നടത്തിയത്.
സീറ്റിൽനിന്ന് ഡെന്നിയെ പിടിച്ചായിരുന്നു കുട്ടിയുടെ യാത്ര. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. വീഡിയോ ചേർത്തല ജോയിൻ്റ് ആർ.ടി.ഒ. കെ.ജി. ബിജുവിൻ്റെ നേതൃത്വത്തിൽ പരിശോധിച്ചാണ് നടപടിയെടുത്തത്. രാത്രി ബാൻഡേജ് വാങ്ങാനിറങ്ങിയതാണെന്നും കൂടെവരാൻ കുട്ടി കരഞ്ഞപ്പോൾ കൂട്ടിയതാണെന്നുമാണ് ഡെന്നിയുടെ വിശദീകരണം. കുട്ടി മുറുകെ പിടിച്ചിരുന്നതിനാൽ അപകടമുണ്ടാകില്ലെന്നായിരുന്നു ഇയാളുടെ വാദം. ഭാര്യയുടെ പേരിലാണ് സ്കൂട്ടറിൻ്റെ രജിസ്ട്രേഷൻ.
രണ്ടുതവണ മദ്യപിച്ച് മാവേലിക്കര ജോയിൻ്റ് ആർ.ടി.ഒ.യുടെ പരിധിയിൽ വാഹനമോടിച്ചതിന് ഇയാളുടെ ലൈസൻസ് സസ്പെൻഡു ചെയ്തു. സസ് പെൻഷൻ കാലാവധി കഴിഞ്ഞിരുന്നില്ല. മുതൽവരെ സസ് പെൻഷൻ അവസാനിക്കുകയാണ്. അതിന് പുറമെയാണ് ഈ അപകടയാത്ര. ഈ സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നത്. എം.വി.ഐ.മാരായ കെ.ജി. ബിജു, എ.ആർ. രാജേഷ് നടത്തിയ അന്വേഷണത്തിലാണ് നടപടി.
