ന്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കുന്ന പ്രക്രിയയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനുള്ള നീക്കം പിന്‍വലിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനത്തിനും നേരെയുള്ള കടന്നാക്രമണമാണ് ഇപ്പോഴത്തെ നടപടിയെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാജ്യസഭയുടെ മേശപ്പുറത്തുവച്ച പുതിയ ബില്ലനുസരിച്ച് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരുടെ പാനല്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ രാഷ്ട്രപതിക്ക് തെരഞ്ഞെടുപ്പ് കമ്മിഷനായി നിശ്ചയിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരുടെ നിയമനം, കാലാവധി, മറ്റ് നിബന്ധനകള്‍ എന്നിവ സംബന്ധിച്ച ബില്ലാണ് രാജ്യസഭയുടെ മേശപ്പുറത്തുവച്ചത്. 2023 ലെ സുപ്രീം കോടതി വിധി മറികടക്കുന്നതിനുവേണ്ടിയാണ് പുതിയ ബില്‍.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും അംഗങ്ങളെയും നിയോഗിക്കുന്ന സമിതിയില്‍ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുണ്ടായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. പാര്‍ലമെന്റ് ഇത് സംബന്ധിച്ച് നിയമം പാസാക്കുന്നതുവരെ ഇത് തുടരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പ്രധാനമന്ത്രി നേതൃത്വം നല്‍കുന്ന സമിതിക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ സെര്‍ച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി, രണ്ട് കേന്ദ്ര സെക്രട്ടറിമാര്‍ എന്നിവരടങ്ങിയതാണ് സെര്‍ച്ച് കമ്മിറ്റി.
അഞ്ച് പേരെ നിര്‍ദേശിക്കുമെന്നും ബില്‍ വിഭാവനം ചെയ്യുന്നു. 2014ലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലും സിബിഐ ഡയറക്ടറെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയിരുന്നു. സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പുതിയ തര്‍ക്കങ്ങളിലേക്ക് ബില്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സിപിഐ
