കൊച്ചി: ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങാൻ പാത്രം കൊണ്ടുപോയാൽ വിലയിളവ് നൽകാൻ നീക്കം. അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ ഡിസ്കൗണ്ട് നൽകുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പാർസൽ ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം കുറച്ച് ഭക്ഷണം പാത്രങ്ങളിൽ നൽകുന്ന പൊതുരീതി കൊണ്ടുവരാനുമാണ് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ നീക്കം.
പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കി ഒരേ തരം പാത്രങ്ങൾ ഹോട്ടലുകളിൽ നടപ്പിലാക്കുന്നതും പരിഗണനയിലുണ്ട്. ഇതിനായി പാത്രങ്ങളും കണ്ടെയ്നറുകളും നിർമ്മിക്കുന്ന ഉത്പാദകരുമായി സഹകരിക്കാനാണ് നീക്കം. ഈ പാത്രം ഒരു ഹോട്ടലിൽനിന്ന് വാങ്ങി സംസ്ഥാനത്തെ മറ്റേതൊരു ഹോട്ടലിൽ തിരികെ നൽകിയാലും പാത്രത്തിന്റെ വില ആ ഹോട്ടലിൽനിന്ന് മടക്കി നൽകുന്ന പദ്ധതി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവിഷ്കരിക്കും.
പായ്ക്കിങിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നീക്കങ്ങളും നടത്തും. ഈ പദ്ധതിയുമായി കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് സഹകരിക്കുമെന്നും അതിന്
പിന്തുണ നൽകുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണറും മന്ത്രി ജി. ആർ അനിലും ഉറപ്പ് നൽകി.
