എംപി ഫണ്ട് ക്ഷേത്രക്കുള നിര്‍മാണത്തിന്; കെ വി തോമസിന് ഹൈക്കോടതി നോട്ടീസ്



കൊച്ചി: പള്ളുരുത്തിയിലെ അഴകിയ കാവ് ഭഗവതി ക്ഷേത്രത്തില്‍ കുളം നിര്‍മിക്കുന്നതിനായി എംപി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ കെ വി തോമസിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ഫണ്ട് നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി ജൂണ്‍ 9ന് പരിഗണിക്കും.

പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി പ്രകാരമുള്ള ഫണ്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ബാബു സുരേഷ് എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 2015ലാണ് എംപി ഫണ്ട് ഉപയോഗിച്ച് അഴകിയ കാവ് കുളം നിര്‍മിക്കുന്നതിനായി ഭരണാനുമതി ലഭിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. 30 ലക്ഷം രൂപ ചെലവില്‍ കുളം നിര്‍മിക്കാനുള്ള നിര്‍ദേശം കെ വി തോമസ് സമര്‍പ്പിച്ചതായി ഹര്‍ജിയിലുണ്ട്. തെറ്റായ സര്‍വേ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണാനുമതി നല്‍കിയത്. ക്ഷേത്രത്തിന്റെ നവീകരണം ഭക്തരില്‍ നിന്ന് ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് നടത്തിയതെന്നും എന്നാല്‍ എംപി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും കൊച്ചി കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയതെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ശിലാഫലകം സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതേക്കുറിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്.



സിബിഐയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ ഓഫീസറും ഉള്‍പ്പെടെ വിവിധ അധികാരികള്‍ നടത്തിയ അന്വേഷണങ്ങളില്‍ എംപി ഫണ്ടിന്റെ വിനിയോഗത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പൊതു ഫണ്ട് മതപരമായ ആരാധനാലയങ്ങള്‍ക്കുള്ളിലോ മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലോ ഉള്ള പ്രവൃത്തികള്‍ക്കായി ഉപയോഗിക്കുന്നത് മാര്‍ഗ നിര്‍ദേശ പ്രകാരം നിരോധിച്ചിണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിനായി 30 ലക്ഷം രൂപ അനുവദിച്ചത് നിയമവിരുദ്ധമാണ്. തുക തിരിച്ചു പിടിക്കണം. പരാതിയും നിവേദനവും നല്‍കിയിട്ടും ദുരുപയോഗം ചെയ്ത ഫണ്ട് തിരിച്ചു പിടിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: