മുഹമ്മദ് മുഹസിൻ എംഎൽഎക്കെതിരെ നടപടി; പാലക്കാട് സിപിഐയിൽ കൂട്ടരാജി

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ നിന്ന് എംഎൽഎ മുഹമ്മദ് മുഹ്സിനെ ജില്ലാ കമ്മിറ്റിയിലേക്കും, പട്ടാമ്പി സിപിഐ മണ്ഡലം സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ബ്രാഞ്ചിലേക്കും തരംതാഴ്ത്തിയതിനെതിരെ വൻ പ്രതിഷേധമാണ് പട്ടാമ്പിയിലെ പാർട്ടി അണികളിൽ ഉണ്ടായത്. പാർട്ടി മുൻ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ലാ എക്സികൂട്ടീവ് അംഗം കെ ആർ മോഹൻദാസ് , ജില്ലാ കമ്മിറ്റി അംഗം പി രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌ രാജിന്റെ നേതൃത്വത്തിൽ അഴിമതികൾ നടക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചതാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ഉണ്ടാവാൻ കാരണമെന്നാണ് രാജിവെച്ച പ്രവർത്തകർ പറയുന്നത്.

കൊപ്പവും തിരുവേഗപ്പുറയും കേന്ദ്രീകരിച്ച് റവന്യൂ വകുപ്പിലും സിവിൽ സപ്ലൈസ് വകുപ്പിലും അഴിമതി നടത്തുന്നെന്ന് ആരോപണമുള്ള നേതാക്കളെ മണ്ഡലം സമ്മേളനത്തിൽ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ജില്ലാ നേതൃത്വം ശ്രമിച്ചിരുന്നു. ഇതിനെതിരായ ശക്തമായ നിലപാട് എംഎൽഎ മുഹസിൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചിതിനാൽ ജില്ലാ നേതൃത്വത്തിന് പിൻ വാങ്ങേണ്ടിവന്നു.മാനസിക അസ്വാസ്ഥ്യമുള്ള കുട്ടിയെ പീഡിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയെയും കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ജില്ലാ നേതാക്കളുടെ ശ്രമം എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പട്ടാമ്പി അടക്കമുള്ള പ്രദേശങ്ങളിലേക്ക് സപ്ലൈക്കോയുടെ 4 ഗോഡൗണുകൾ അനുവദിച്ചപ്പോൾ, പട്ടാമ്പിയിലെ പ്രമുഖ വ്യാപാരിയിൽ നിന്നും ജില്ലാ സെക്രട്ടറി കോഴവാങ്ങി എന്ന ആരോപണവും ശക്തമാണ്. അതിനെതിരെ എംഎൽഎയുടെ നേതൃത്വത്തിൽ ഗോഡൗൺ അനുവദിച്ച നടപടി പുനഃ പരിശോധിക്കുന്നതിന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രവർത്തകരുടെ ആരോപണം. നാലുതവണ ജില്ലാ സെക്രട്ടറിയും മൂന്ന് തവണ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്ത .കെ പി സുരേഷ് രാജിന് ഇനിയൊരു അവസരം പാർട്ടി നൽകാനിടയില്ല. ഇതൊക്കെയാണ് വളരെ വേഗത്തിൽ നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജില്ലാ സെക്രട്ടറിയുടെയും മലപ്പുറം ജില്ലയിൽ നിന്നുള്ള സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പട്ടാമ്പി സീറ്റ് വില്പന നടത്താനുള്ള ശ്രമം നടത്തിയതിനെ പട്ടാമ്പി മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗവും ശക്തമായി എതിർത്തിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് നടപടി സ്വീകരിച്ചതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബ്രാഞ്ച് കമ്മിറ്റി വരെയുള്ള പാർട്ടി അംഗങ്ങളും രാജിവെക്കുമെന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ സെക്രട്ടറിയുടെ അഴിമതികൾ പരസ്യമായി പുറത്തുകൊണ്ടുവരാൻ പ്രവർത്തകർ മുന്നോട്ടു വരുമെന്നാണ് വിമത വിഭാഗം പറയുന്നത്.

മണ്ണാർക്കാട്, നെന്മാറ, കുഴൽമന്ദം, മലമ്പുഴ തുടങ്ങിയ മണ്ഡലം കമ്മിറ്റികളിലും പ്രവർത്തകരുടെ കൂട്ടരാജി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: