തിരുവനന്തപുരം: എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും രാഹുലിന്റെ കാര്യത്തിൽ സ്ഥിതി അങ്ങനെ അല്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷന് പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ല, അത് കാര്യമായി എടുക്കേണ്ട കാര്യമില്ലെന്നും ലസിത നായര്‍ പറഞ്ഞു.
എംഎല്‍എ മുകേഷിനെതിരെ വന്ന ലൈംഗിക പീഡനാരോപണത്തിൽ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ലസിത നായര്‍ വ്യക്തമാക്കി.
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡനകനും ബാധകമായ ശിക്ഷ ഉണ്ടാവണം’, ലസിത നായര്‍ പറഞ്ഞു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ പ്രതികരിച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സംഭവം ഗൗരമേറിയതാണ്. ആ പെൺകുട്ടിക്ക് നീതി ലഭിക്കണം, രാഹുലിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടി യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. ആ പെൺകുട്ടി എന്റെ വീട്ടിലെയും പെൺകുട്ടിയാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി


