തിരുവനന്തപുരം വിതുരയില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് കൊലപാതകമെന്ന് പൊലീസ്. യുവതിയെ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 24കാരനായ പ്രതി അച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 22കാരി സുനിലയാണ് കൊല്ലപ്പെട്ടത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍ സുനിലയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കി.
ഇന്നലെയാണ് സുനില വീട്ടില്‍ നിന്ന് അവസാനമായി ഇറങ്ങിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ പെണ്‍സുഹൃത്തിനൊപ്പം എത്തി. എന്നാല്‍ ഏറെ വൈകിയിട്ടും സുനില വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നാലെ സുനിലയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് സുനിലയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് അറിയുന്നത്. ഇവര്‍ ഒന്നിച്ച് ജീവിക്കാനായിരുന്നു പദ്ധതിയെന്നും പെണ്‍സുഹൃത്തില്‍ നിന്ന് പൊലീസ് മൊഴി ശേഖരിച്ചു. തുടരന്വേഷണത്തിലാണ് അച്ചുവിനെ അറസ്റ്റ് ചെയ്തത്. കഴുത്തുഞെരിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യ ചെയ്യാനായി പനയമുട്ടത്തേക്ക് പോകുംവഴിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
