വയനാട്: ഡിസിസി ട്രഷറർ എന്‍.എം വിജയന്‍ ജീവനൊടുക്കിയതിനെ തുടർന്ന് കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്നതിനിടെ ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെ പോസ്റ്റര്‍ പ്രതിഷേധം. ഡിസിസി ഓഫീസിനു മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ടി സിദ്ധിഖ് എംഎല്‍എയ്ക്കുമെതിരെയാണ് പ്രതിഷേധം. ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററില്‍ ‘കൊലയാളി സംഘത്തെ പൂറത്താക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’വെന്നും ആവശ്യപ്പെടുന്നു. ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസില്‍ പ്രതിയാണ് എന്‍.ഡി അപ്പച്ചൻ. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍.
അതേസമയം ഒന്നാം പ്രതി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പേര് പോസ്റ്ററില്‍ പരാമര്‍ശിക്കുന്നില്ല. ചുരം കയറിവന്ന എംഎല്‍എയെ കൂട്ടുപിടിച്ച് എന്‍.ഡി അപ്പച്ചന്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നുവെന്നും പോസ്റ്ററിലൂടെ വിമര്‍ശിക്കുന്നു. പാപം പേറുന്ന അപ്പച്ചനെ പാര്‍ട്ടിക്ക് വേണ്ട, അഴിമതിയും മതവെറിയും കൊണ്ട് നടക്കുന്ന ഡിസിസി പ്രസിഡന്റ് ഈ പാര്‍ട്ടിയുടെ അന്തകന്‍ എന്നും പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയങ്കാ ഗാന്ധി എംപിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് പോസ്റ്ററുകള്‍ കണ്ടത്.
