നടന് ആസിഫ് അലിയെ അപമാനിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. ആസിഫ് അലിയുടെ കയ്യില്‍ നിന്ന് താന്‍ സന്തോഷത്തോടെയാണ് പുരസ്‌കാരം വാങ്ങിയതെന്നും അത് ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്‍ നിന്നുകൂടി സ്വീകരിച്ചതെന്നും രമേശ് നാരായണന്‍ വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോ കണ്ട് എല്ലാവരും തെറ്റിദ്ധരിച്ചതാണെന്നും വലുപ്പ ചെറുപ്പം കാണിക്കുന്നയാളല്ല താനെന്നും രമേശ് നാരായണന്‍ പറഞ്ഞു.
എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍നിന്ന് രമേശ് നാരായണന് പുരസ്‌കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയില്‍നിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടര്‍ന്ന് ജയരാജ് രമേഷ് നാരായണന് പുരസ്‌കാരം നല്‍കുകയായിരുന്നു
വേദിയുടെ താഴെയാണ് താന്‍ നിന്നതെന്നും ആസിഫ് മെമന്‍റോ തരാനാണ് വന്നതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും രമേശ്നാരായണന്‍ പറഞ്ഞു. അല്ലാതെ അപമാനിച്ചിട്ടില്ല. എനിക്ക് വലുപ്പ ചെറുപ്പമില്ല. ആസിഫ് എന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റ് പറ്റിയെങ്കില്‍ മാപ്പ് ചോദിക്കും. അതിന് മടിയൊന്നുമില്ല. വസ്തുതകള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്നും രമേശ് നാരായണന്‍ പറഞ്ഞു.

