ചെന്നൈ: ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി. ചെന്നൈയിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് ദേശീയ കൗൺസിൽ യോഗം നടന്നത്. വനിതാ പ്രാതിനിധ്യം മുസ്‌ലിംലീഗ് ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്. സാദിഖ് അലി തങ്ങൾ ആണ് വനിതകളെ ഉൾപ്പെടുത്തിയ പ്രഖ്യാപനം നടത്തിയത്.
വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. ദീര്‍ഘകാലമായി ലീഗിന്റെ പ്രവര്‍ത്തകയാണ്. വയനാട് ഇരളം സ്വദേശിയാണ് ജയന്തി. ദളിത് വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവെന്ന രീതിയില്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ ജയന്തി സജീവമാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായി ജയന്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ചേലക്കര നിയമസഭാ സീറ്റ് ലീഗിന് കിട്ടുകയാണെങ്കില്‍ അവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ജയന്തിയെ പരിഗണിച്ചിരുന്നു. കോങ്ങാട് സീറ്റിലും പരിഗണിച്ചിരുന്നു.
വനിതാ ലീഗ് ദേശീയ പ്രസിഡന്റാണ് അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ മുസഫര്‍. ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫര്‍, മുസ്ലിം പഴ്സനല്‍ ലോ ബോര്‍ഡ്, തമിഴ്നാട് വഖഫ് ബോര്‍ഡ്, മുസ്ലിം വുമണ്‍ എയിഡ് സൊസൈറ്റി, മുസ്ലിം വുമണ്‍സ് അസോസിയേഷന്‍ എന്നിവയില്‍ അംഗമാണ്.
ഖാദർ മൊയ്തീനും പി.കെ കുഞ്ഞാലിക്കുട്ടിയും നേതൃത്വത്തിൽ തുടരും. വ്യാഴാഴ്ച ചെന്നൈയിൽ നടന്ന മുസ്‌ലിംലീഗ് ദേശീയ കൗൺസിൽ യോഗം ദേശീയതലത്തിൽ അടുത്ത നാലുവർഷം പാർട്ടിയെ നയിക്കാനുള്ള സമിതിയെ തിരഞ്ഞെടുത്തു. ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റും പി.കെ. കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയായും തുടരും. ഇ.ടി. മുഹമ്മദ് ബഷീർ ദേശീയ ഓർഗനൈസിങ് സെക്രട്ടറിയായി തുടരും. മുനവറലി തങ്ങൾ, ഹാരിസ് ബീരാൻ, സി.കെ സുബൈർ തുടങ്ങിയവർ ദേശീയ സെക്രട്ടറിമാരാണ്. കെ.പി.എ. മജീദാണ് ദേശീയ വൈസ് പ്രസിഡന്റ്.
