Headlines

മുസ്ലീം ലീ​ഗിന്റെ പാർലമെന്റ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു; മൂന്നാം സീറ്റിന് പകരം മറ്റൊരു ഓഫർ മുന്നോട്ടുവച്ച് കോൺ​ഗ്രസ് നേതൃത്വം

കോഴിക്കോട്: മുസ്ലീം ലീ​ഗിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ തീരുമാനിച്ചു. പാർട്ടിയുടെ രണ്ട് സിറ്റിം​ഗ് എംപിമാർക്കും ഇക്കുറിയും സീറ്റ് നൽകാനാണ് തീരുമാനം. അതേസമയം, രണ്ടു സ്ഥാനാർത്ഥികളും മണ്ഡലങ്ങൾ വച്ചുമാറും. യുഡിഎഫിലെ ധാരണ അനുസരിച്ച് മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലാണ് ലീ​ഗ് മത്സരിക്കുന്നത്. നിലവിൽ പൊന്നാനിയിലെ എംപി ഇ.ടി. മുഹമ്മദ് ബഷീറും മലപ്പുറത്തെ എംപി അബ്ദുസമദ് സമദാനിയുമാണ്. എന്നാൽ, ഇക്കുറി സമദാനി പൊന്നാനിയിലും ഇടി മലപ്പുറത്തും ജനവിധി തേടാനാണ് പാർട്ടി തീരുമാനം.

അതേസമയം, ലീഗിന് ഇത്തവണയും ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് ലഭിക്കില്ല. പകരം രാജ്യസഭയിൽ രണ്ടാം സീറ്റ് നൽകാനാണ് യു.ഡി.എഫിലെ ധാരണയെന്നാണ് വിവരം. ജൂണിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ യു.ഡി.എഫിന് വിജയിക്കാൻ സാധിക്കും. ഇത് ലീഗിന് നൽകിയേക്കും. നിലവിൽ പി.വി. അബ്ദുൾവഹാബാണ് ലീഗിന്റെ രാജ്യസഭാംഗം.

അതേസമയം, ചർച്ചകൾ തുടരുകയാണെന്നും അതിന് ശേഷം മാത്രമേ മൂന്നാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയൂ എന്നാണ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ചർച്ചകൾ എവിടേയും വഴിമുട്ടിയിട്ടില്ല. യു.ഡി.എഫ്. യോഗത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ മറുപടി പറയേണ്ട വിഷയമല്ലെന്നായിരുന്നു മൂന്നാം സീറ്റിൽ ഇപ്പോഴും പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോട് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

നിലവിൽ കൊല്ലത്തും കോട്ടയത്തും യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജാണ് കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാർഥി. കൊല്ലത്ത് ആർ.എസ്.പിയുടെ സിറ്റിങ് എം.പി. എൻ.കെ. പ്രേമചന്ദ്രൻ യു.ഡി.എഫ്. ടിക്കറ്റിൽ വീണ്ടും ജനവിധി തേടും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: